യുവതിയെ വീട്ടില്‍ക്കയറി വെടിവച്ച വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി; കോടതി ശരിവച്ചത് കൊല്ലണം എന്ന ഉദ്ദേശ്യമുണ്ടെന്ന വാദം

ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണു വെടിവച്ചതെന്നും ജാമ്യം നല്‍കിയാല്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഈ നിലപാടാണ് കോടതി ശരിവച്ചത്. നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.

കൊറിയര്‍ വിതരണത്തിന് എന്ന രീതിയില്‍ എത്തി യുവതിയുടെ പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ക്കയറിയാണ് വനിതാ ഡോക്ടര്‍ വെടിവച്ചത്. ജൂലൈ 27ന് രാവിലെയാണ് സംഭവം. മൂന്ന് തവണയാണ് എയര്‍ഗണ്‍ കൊണ്ട് വെടിവച്ചത്. കൈകൊണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ ഷിനിയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറി. ആക്രമണം നടത്തിയ ശേഷം ഡോക്ടര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ കാറില്‍ ബാര്‍ അസോസിയേഷന്‍റെ സ്റ്റിക്കര്‍ കണ്ടിരുന്നു. അഭിഭാഷകനെ തിരഞ്ഞുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സ്വന്തം കാര്‍ ഒഴിവാക്കി ഭര്‍തൃപിതാവിന്റെ കാര്‍ ആയിരുന്നു ഡോക്ടര്‍ അന്നേ ദിവസം ഉപയോഗിച്ചത്.

കൊല്ലത്ത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയാണ് ജൂലൈ 31ന് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പോലീസിനോട് ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാം സമ്മതിച്ചു. അന്ന് മുതല്‍ യുവതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യുവതിയുടെ ഭര്‍ത്താവിനോടുള്ള വിരോധത്താലാണു വനിതാ ഡോക്ടര്‍ അക്രമം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഷിനിയുടെ ഭര്‍ത്താവും ഡോക്ടറും കൊല്ലത്ത് ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ അടുപ്പമാണ് ശാരീരിക ബന്ധത്തിലേക്ക് എത്തിച്ചത്. കൊല്ലത്തെ ആശുപത്രിയില്‍ പിആര്‍ഒ ആയിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ മാലദ്വീപിലാണ്. ആക്രമണത്തിന് ശേഷമാണ് ഷിനിയുടെ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചിരുന്നു എന്ന പരാതി ഡോക്ടര്‍ പോലീസിനു നല്‍കിയത്. ഈ പരാതിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top