ഒരിക്കലും അത് പാടില്ലായിരുന്നു: ‘ലീല’പാളിപ്പോയി: ആർ.ഉണ്ണി
കോഴിക്കോട്: തൻ്റെ ചെറുകഥയായ ലീല ഒരിക്കലും സിനിമയാക്കാൻ പാടില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് ആർ.ഉണ്ണി. ലീലയെന്ന സിനിമയിൽ താൻ ഒട്ടും തൃപ്തനല്ലെന്നും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉണ്ണി പറഞ്ഞു. കഥകൾ ചലച്ചിത്രമാകുമ്പോൾ അവയുടെ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ലീല സിനിമയിൽ ഞാൻ ഒട്ടും തൃപ്തനല്ല. കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. ഞാൻ എഴുതാൻ പാടില്ലായിരുന്നു. അത് തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നി. സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്. പലരും സിനിമയാക്കാൻ വേണ്ടി കഥകൾ ചോദിക്കാറുണ്ട്. പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവയാണ് എന്റെ കഥകൾ സിനിമയായത്. ബിഗ്ബിയും ചാർളിയും സിനിമയായി എഴുതിയതാണ്” – ആർ. ഉണ്ണി പറഞ്ഞു.
മാതൃഭൂമി ആഴ്ചപതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ അതേ പേരിൽ രഞ്ജിത്താണ് സംവിധാനം ചെയ്തത്. 2016ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബിജു മേനോൻ , പാർവതി നമ്പ്യാർ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, ജഗദീഷ്, പ്രിയങ്ക എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഞ്ജിത്ത് ആദ്യമായി മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ലീല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here