ക്ലിഫ് ഹൗസ് പൊളിക്കണോ, പണിയണോ; സർക്കാരിന് കീറാമുട്ടി; അറ്റകുറ്റപ്പണി കൊണ്ട് ഇനിയും ഫലമില്ലെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: ക്ലിഫ് ഹൗസ് പൊളിക്കണോ, നിലനിർത്തണോ, പൊളിക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട് മാറണ്ടേ, പൊളിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സുരക്ഷിതനായി എങ്ങനെ അവിടെ താമസിക്കും, പൊളിച്ചു പണിയാനാണെങ്കിൽ പണം എവിടെ നിന്ന് കണ്ടെത്തും, കെട്ടിടത്തിന് പൈതൃക പദവിയുള്ളതുകൊണ്ട് പൊളിക്കാനാകുമോ? ഈ ചോദ്യങ്ങൾക്കു നടുവിൽ വട്ടം കറങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്ത് രാജകീയ പ്രൗഢിയുണ്ടെങ്കിലും 81 വർഷം പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിധിച്ചുകഴിഞ്ഞു. പക്ഷേ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിന് പോലും ക്ലിഫ് ഹൗസിൻ്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, ക്ലിഫ് ഹൗസിൻ്റെ പേരിലുള്ള രാഷ്ട്രീയ വിവാദങ്ങൾ അത്ര ശക്തമാണ്.

മുഖ്യമന്ത്രി ഗൃഹനാഥനായ ക്ലിഫ് ഹൗസ് പൊളിച്ചുപണിയേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. അതിൻ്റെ നാഥനാകട്ടെ മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസാണ്. പൊളിച്ചാൽ പഴി, പൊളിച്ചില്ലെങ്കിൽ പണി. ക്ലിഫ് ഹൗസിൻ്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

എന്താണ് ക്ലിഫ് ഹൗസിൻ്റെ കുഴപ്പം

തീർത്തും ദുർബലമായ അവസ്ഥയിലാണ് തിരുവനന്തപുരത്ത് നന്തൻകോട്ട് മന്ത്രി മന്ദിരങ്ങളുടെ നാഥനായി വിശാലമായ വളപ്പിൽ നിർമിച്ചിട്ടുള്ള ഈ കെട്ടിടം. പുറത്ത് നിന്നു കാണുന്നത് പോലെ പ്രൗഢമല്ല അകത്ത് കാര്യങ്ങൾ. ചരിത്രം തിരുത്തിയെഴുതിയ പല തീരുമാനങ്ങളും പിറന്നുവീണ ഈ കെട്ടിടത്തിൽ രാത്രിയായാൽ ഇപ്പോൾ മരപ്പട്ടികൾ ഓടിക്കളിക്കുന്നു. രണ്ടുനില കെട്ടിടത്തിലെ തറയും തട്ടുമെല്ലാം തടികൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പുതുക്കിയും മിനുക്കിയുമാണ് ഇത്രയും കാലം നിലനിർത്തിയത്. നീന്തൽകുളവും തൊഴുത്തുമൊക്കെ വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അനുവദിച്ച പണം അവിടെയൊന്നും പൂർണമായി ചിലവാക്കിയിട്ടില്ല. മനുഷ്യർക്ക് താമസിക്കാൻ സുരക്ഷിതമല്ലാത്ത കെട്ടിടത്തിന് എന്തിന് മൃഗങ്ങളുടെ സുരക്ഷിതത്വം എന്ന ചോദ്യവും ഭാവിയിൽ ഉയർന്നുവെന്ന് വരാം.

വൈദ്യുതിയും വെള്ളവും പ്രശ്‌നം

വൈദ്യുതിക്കും വെള്ളത്തിനുമുള്ള കണക്ഷനുകൾ മാത്രമല്ല കെട്ടിടം ആകെയും പഴക്കം ബാധിച്ച അവസ്ഥയിലാണ്. തടി കൊണ്ട് പണിതിട്ടുള്ള തറയും തട്ടുമെല്ലാം പലയിടത്തും പൊളിഞ്ഞിളകി. ഇത് കൊണ്ടുള്ള അപകടസാധ്യത കൂട്ടുന്നത് വൈദ്യുതി കണക്ഷനുകളാണ്. സുരക്ഷക്ക് ഏറ്റവും പ്രാഥമികമായി വേണ്ട ഇഎൽസിബി സംവിധാനം ക്ലിഫ് ഹൗസിൽ ഇല്ല. അതുകൊണ്ട് തന്നെ ഷോർട് സർക്യൂട്ട് ഉണ്ടായാൽ വൈദ്യുതി സ്വയം ഓഫാകില്ല. കാര്യമായൊരു തീപിടുത്തം ഉണ്ടായാൽ തടികൊണ്ടുള്ള നിർമാണങ്ങളാകെ കത്തും. മഴക്കാലത്ത് ഷോർട് സർക്യൂട്ടിനുള്ള സാധ്യത കൂടും. ഇതിന് പ്രതിവിധി ഇഎൽസിബി സ്ഥാപിക്കുക എന്നത് തന്നെയാണ്. പക്ഷെ ക്ലിഫ് ഹൗസിലുള്ളത്ര പഴയ കണക്ഷനിൽ അതിന് കഴിയില്ല. പകരം ഈ 15,000 ചതുരശ്ര അടിയിലെ മുഴുവൻ കണക്ഷനുകളും മാറ്റി സ്ഥാപിക്കേണ്ടി വരും.

വെള്ളത്തിനുള്ള കണക്ഷനുകളെല്ലാം പഴയ ജിഐ പൈപ്പുകൾ കൊണ്ടാണ്. എല്ലാം തുരുമ്പെടുത്ത് അടഞ്ഞിരിക്കുന്നു. പലയിടത്തും വെള്ളം മുടങ്ങുന്നത് പതിവാണ്. അടിക്കടി അറ്റകുറ്റപ്പണി നടത്തിയാണ് മുന്നോട്ട് പോകുന്നത്. പൈപ്പ് മാറ്റിയിടുകയല്ലാതെ വേറെ വഴിയില്ല. അതിനും കെട്ടിടമാകെ പൊളിക്കുന്ന മട്ടിൽ ഇളക്കിപ്പണിയേണ്ടി വരും.

പിന്നെന്താണ് പൊളിക്കാൻ ബാക്കിയുണ്ടാകുക? തറയും തട്ടും മാത്രം. വൈദ്യുതിക്കും വെള്ളത്തിനുമായി ഇത്രയും പൊളിച്ചിളക്കി കഴിഞ്ഞാൽ തടിയിൽ തീർത്ത ഭാഗങ്ങൾ മാത്രമായി എങ്ങനെ നിലനിർത്താൻ കഴിയും. സംയുക്ത പരിശോധന കഴിഞ്ഞപ്പോൾ വൈദ്യുതി, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരുപോലെ ചോദിക്കുന്ന ചോദ്യമിതാണ്.

പരിഹാരം തേടി അധികൃതർ

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ ശുപാർശ ഉണ്ടായിരുന്നു. രാജകീയ പ്രൗഢിയുണ്ടെങ്കിലും ഇത്ര പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രിമാർ താമസിക്കുന്നത് സുരക്ഷിതമല്ല. കൂടുതൽ മോശമായ കെട്ടിടങ്ങളുടെ കാര്യത്തിൽ നടത്താറുള്ള പീരിയോഡിക് ഇൻസ്പെക്ഷനിലാണ് ഇത്തവണ വിശദമായി പരിശോധിച്ച് പൊളിച്ച് പണിയുകയാണ് പോംവഴി എന്ന നിഗമനം ഉറപ്പിച്ചത്. ഇപ്പറഞ്ഞ പ്രശ്നമെല്ലാം പരിഹരിച്ച് പണി നടത്തുന്നതിലും ഭേദം പുതിയ കെട്ടിടം നിർമിക്കുന്നതാണ് എന്നാണ് ഉദ്യോഗസ്ഥരെല്ലാം അഭിപ്രായപ്പെട്ടത്. എന്നാൽ പിന്നെ പുതിയ കെട്ടിടം നിർമിച്ചുകൂടേ എന്നു ചോദിച്ചാൽ അവിടെയും പ്രശ്നം. ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. തൊഴുത്ത് നിർമിച്ചപ്പോഴേ പ്രശ്നമായ സ്ഥിതിക്ക് ക്ലിഫ് ഹൗസ് മൊത്തത്തിൽ പൊളിച്ചുപണിതാലുള്ള വിവാദങ്ങളുടെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. രണ്ടും കല്പിച്ച് പൊളിക്കാമെന്ന് വച്ചാൽ മുഖ്യമന്ത്രിക്ക് എല്ലാ സുരക്ഷയും നൽകാൻ പാകത്തിലുള്ള മറ്റൊരു കെട്ടിടം കണ്ടുപിടിക്കണം. അതും പ്രശ്നമാണ്.

ജീവനക്കാർക്ക് സൗകര്യമില്ല

വിഐപികളുടെയും കുടുംബത്തിൻ്റെയും താമസത്തിന് വേണ്ടിയാണ് ക്ലിഫ് ഹൗസ് നിർമിച്ചത്. പക്ഷേ പിന്നീട് ജീവനക്കാരും ഓഫീസ് ആവശ്യങ്ങൾക്ക് ഈ വീട് ഉപയോഗിക്കാൻ തുടങ്ങി. ചെറിയൊരു കോൺഫറൻസ് ഹാൾ മാത്രമാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇവിടെയുള്ളത്. മിക്ക കിടപ്പുമുറികളും രണ്ടാം നിലയിലായതിനാലാണ് ലിഫ്റ്റ് സ്ഥാപിക്കാൻ അടുത്തയിടെ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും മുഹമ്മദ് റിയാസിൻ്റെയും വിവാഹം ഇവിടെയാണ് നടന്നത്.

പൈതൃകപദവി തടസ്സം

മുഖ്യമന്ത്രിമാർ താമസിക്കുന്ന സുപ്രധാന കെട്ടിടമായതുകൊണ്ടും ഉപയോഗത്തിലിരിക്കുന്നതുകൊണ്ടും ക്ലിഫ് ഹൗസിൻ്റെ പൈതൃകപദവി സംബന്ധിച്ച് വലിയ ചർച്ചയൊന്നും ഉണ്ടായിട്ടില്ല.
പക്ഷേ സംസ്ഥാന നഗരാസൂത്രണ വകുപ്പിൻ്റെ വെബ്സൈറ്റിൽ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ക്ലിഫ് ഹൗസ് ഉണ്ട്. തിരുവനന്തപുരത്തെ പല കൊട്ടാരങ്ങളടക്കം ഈ പട്ടികയിലുണ്ട്.

പ്രൗഢി മാത്രം, പ്രശ്നങ്ങളേയുള്ളു

തിരുവിതാംകൂർ രാജഭരണകാലത്ത് ദിവാൻ പേഷ്കാരുടെ ഔദ്യോഗിക വസതിയായിട്ടാണ് ക്ലിഫ് ഹൗസ് 1942-ൽ പരമ്പരാഗത വാസ്തുശൈലിയിൽ നിർമിച്ചത്. 1939-ലാണ് നിർമാണം തുടങ്ങിയത്. നിർമിച്ചപ്പോൾ 15,000 ചതുരശ്ര അടിയുണ്ടായിരുന്നു. പിന്നീട് അനുബന്ധ കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം നന്തൻകോട് ആയതുകൊണ്ട് അതിൻ്റെ ചുമതലയുള്ള പേഷ്കാരുടെ ഔദ്യോഗിക വസതിയും സമീപത്തുതന്നെ വേണമെന്നായിരുന്നു അന്നത്തെ അഭിപ്രായം. അങ്ങനെയാണ് ക്ലിഫ് ഹൗസ് ഇവിടെ വരുന്നത്. തിരു-കൊച്ചി കാലഘട്ടത്തിൽ റോസ് ഹൗസ് ആയിരുന്നു മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതി. റോസ് ഹൗസ് ശാപം പിടിച്ച വീടാണെന്ന് പലപ്പോഴും ആക്ഷേപം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ. റോസിന് വേണ്ടിയായിരുന്നു ഈ കെട്ടിടം നിർമിച്ചത്. റോസ് ഹൗസിൽ പിന്നീട് ഗൃഹനാഥന്മാർ വാഴാത്തതുകൊണ്ട് സ്പെല്ലിംഗ് മാറ്റി ROSS-ൽ നിന്ന് ROSE ആക്കി. ഇപ്പോൾ മന്ത്രിമാർ വീഴാതെ വാഴുന്നുണ്ട്.

ക്ലിഫ് ഹൗസ് വേണ്ടാത്ത മുഖ്യമന്ത്രിമാരും

റോസ് ഹൗസിന് പുറമെ കൻ്റോൺമെൻ്റ് ഹൗസ്, റസിഡൻസി ബംഗ്ലാവ് എന്നിവയും പലപ്പോഴായി മുഖ്യമന്ത്രിമാരുടെ വസതിയായിരുന്നു. ടിഎം. വർഗീസ്, സി.കേശവൻ തുടങ്ങിയവർ അക്കാലത്ത് ക്ലിഫ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നു ക്ലിഫ് ഹൗസിലെ ആദ്യ മുഖ്യമന്ത്രി. കെ.കരുണാകരൻ ആണ് ക്ലിഫ് ഹൗസ് വളപ്പിൽ നീന്തൽകുളം നിർമിച്ചത്. മറ്റു പല മുഖ്യമന്ത്രിമാരും അവിടെ കൃഷിയും നടത്തിയിരുന്നു. ഇടയ്ക്ക് കുറെക്കാലം ഉമ്മൻചാണ്ടിയും എകെ.ആൻറണിയും സ്വന്തം വീടുകളിൽ താമസിച്ചിരുന്നെങ്കിലും പിന്നീട് ക്ലിഫ് ഹൗസ് തന്നെ ഔദ്യോഗിക വസതിയായി തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top