ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകണോ? ഹർഭജൻ സിങ്ങിന്റെ രൂക്ഷ മറുപടി
2025 ലെ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ പാക്കിസ്ഥാനിലാണ് നടക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തിൽ ബിസിസിഐയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
”ഇന്ത്യൻ ടീം എന്തിന് പാക്കിസ്ഥാനിൽ പോകണം. പാക്കിസ്ഥാനിൽ കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. മിക്കവാറും എല്ലാ ദിവസവും പാക്കിസ്ഥാനിൽ അത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ ടീം അവിടെ പോകുന്നത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല. ഈ വിഷയത്തിലെ ബിസിസിഐയുടെ നിലപാട് തികച്ചും ശരിയാണ്. നമ്മുടെ കളിക്കാരുടെ സുരക്ഷയെക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല. ബിസിസിഐയുടെ നിലപാടിനെ ഞാൻ പിന്തുണയ്ക്കുന്നു,” ഹർഭജൻ ഐഎഎൻഎസിനോടു പറഞ്ഞു.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിൽ നടത്താമെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിന് ഒരേ ഹോട്ടലിൽ താമസിക്കാം. ഒരിടത്തു തന്നെയാകുമ്പോൾ സുരക്ഷ ഒരുക്കുക എളുപ്പമായിരിക്കുമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ലാഹോറിലെ ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ 5 സ്റ്റാർ ഹോട്ടൽ നിർമ്മിക്കാനാൻ പിസിബി പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത വർഷം ആദ്യം നിർമ്മാണം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിലൂടെ മൽസര വേദിക്ക് അകലെയുള്ള ഹോട്ടലുകളിൽ ഇന്ത്യൻ ടീം താമസിക്കുന്നത് ഒഴിവാക്കാമെന്നും സ്റ്റേഡിയത്തേക്കുള്ള സുരക്ഷ ഒരുക്കുന്നത് എളുപ്പമാകുമെന്നും പിസിബി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏഷ്യാ കപ്പ് മൽസരങ്ങൾക്കുവേണ്ടിയും പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന്, ശ്രീലങ്കയിലാണ് ഇന്ത്യയുടെ മൽസരങ്ങൾ നടന്നത്. 2012 മുതൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ക്രിക്കറ്റ് പരമ്പരകളൊന്നും കളിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here