ഉച്ചഭാഷിണിയില്‍ പിടിമുറുക്കി വീണ്ടും സര്‍ക്കാര്‍ നീക്കം; ആരാധനാലയങ്ങള്‍ക്ക് പോലീസിന്റെ നോട്ടീസ്; ശബ്ദമലിനീകരണം നിയന്ത്രിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ നടപടി

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നിയന്ത്രണം ലംഘിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി വന്നിരുന്നു. ഈ പരാതിയാണ് ഡിജിപിയ്ക്ക് വിവിധ സ്റ്റേഷനുകളിലേക്ക് ഫോര്‍വേഡ് ചെയ്തത്. ഇതോടെ ഉച്ചഭാഷിണി പ്രയോഗത്തിന്നെതിരെ പോലീസ് നോട്ടീസ് നല്‍കി തുടങ്ങുകയും ചെയ്തു.

കേരളത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കുന്നത്. തിരുവനന്തപുരത്ത് രണ്ടാഴ്ച മുന്‍പ് തമ്പാനൂര്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തമ്പാനൂര്‍ പള്ളി കമ്മറ്റിക്കാര്‍ തമ്പാനൂര്‍ സിഐയെ വന്ന് കണ്ട് സംസാരിച്ചിരുന്നു. ഈ പ്രശ്നം അങ്ങനെ തുടരവേയാണ് വട്ടിയൂര്‍ക്കാവ് പോലീസും നോട്ടീസ് നല്‍കിയത്. വട്ടിയൂര്‍ക്കാവ് ജുമാമസ്ജിദിനും രണ്ടു ക്ഷേത്രങ്ങള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്.

ആരാധനാലയങ്ങളില്‍ കോളാമ്പി ഉപയോഗിക്കാന്‍ പാടില്ലായെന്ന നിയമം നിലനില്‍ക്കെ താങ്കളുടെ ആരാധനാലയത്തില്‍ കോളാമ്പി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ അറിയിപ്പ് കിട്ടി 24 മണിക്കൂറിനകം കോളാമ്പി നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആരാധനാലയ അധികൃതര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ‘മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതി സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഉപയോഗം തുടരുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ഉച്ചഭാഷിണി പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സിഐയെ കണ്ട് സംസാരിച്ചിട്ടുണ്ട്. പള്ളിക്കമ്മറ്റി കൂടി തീരുമാനമെടുത്ത ശേഷം മാത്രമേ ഈ കാര്യത്തില്‍ നടപടി എടുക്കാന്‍ കഴിയുകയുള്ളൂ-വട്ടിയൂര്‍ക്കാവ് ജുമാമസ്ജിദ് പ്രസിഡന്റ് സലിം മരക്കട മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. ശബ്ദമലിനീകരണ പ്രശ്നം മുന്‍പ് തന്നെയുള്ളതാണ്. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നാണ് പോലീസ് പറഞ്ഞത്-സലിം പറയുന്നു.

ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ,മുസ്ലീം പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലും ബോക്സ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും, ശബ്ദം കോമ്പൗണ്ടിന്റെ പരിധിക്ക് പുറത്തുപോകാൻ പാടില്ലെന്നുമാണ് നിലവിലെ നിർദേശം. ഇത് ലംഘിക്കപ്പെടുന്നതാണ് പരാതിയ്ക്ക് ഇടവരുത്തുന്നത്.

കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ഉച്ചഭാഷിണി പ്രയോഗത്തിന്നെതിരെ നീങ്ങിയിരുന്നു. ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണം കർശനമായി നടപ്പാക്കണമെന്നും ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇപ്പോള്‍ വീണ്ടും പരാതി വന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി സര്‍ക്കാര്‍ നീങ്ങിത്തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top