പാർട്ടിക്ക് വോട്ട് പോലും ചെയ്യാത്ത മുൻ കേന്ദ്രമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ്; ഹസാരിബാഗ് എംപിയായ ജയന്ത് സിൻഹ വോട്ടിംഗിൽ പങ്കെടുത്തില്ലെന്ന് പരാതി; നടപടിയുമായി ബിജെപി

ഡൽഹി: വോട്ടിംഗ് ദിവസം വോട്ട് പോലും ചെയ്യാത്ത മുൻ കേന്ദ്രമന്ത്രിക്കെതിരെ ബിജെപി. നിലവിലെ ഹസാരി ബാഗ് (ജാർഖണ്ഡ്) എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. ജയന്ത് സിൻഹയാണ് വോട്ടെടുപ്പ് ദിവസം വോട്ട് പോലും ചെയ്യാതെ പാർട്ടിയുമായി ഉടക്കി നിൽക്കുന്നത്. പാർട്ടി പ്രവർത്തനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിലോ പങ്കെടുക്കാതെ മാറി നിൽക്കുന്നതിന്‍റെ കാരണം രണ്ട് ദിവസത്തിനുള്ളിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇക്കഴിഞ്ഞ മാർച്ചിൽ എക്സിലൂടെ ( ട്വിറ്റർ) താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരുന്നു. ഹസാരിബാഗ് മണ്ഡലത്തിൽ മനീഷ് ജയ്സ്വാളിനെ ബിജെപി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ച ശേഷം ജയന്ത് സിൻഹ പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കയായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ മകനാണ്.
ഹസാരിബാഗ് മണ്ഡല ത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തതിന് കാരണം ബോധിപ്പിക്കണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ആദിത്യ സാഹു ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബൂത്തിൽ പോയി വോട്ട് പോലും ചെയ്യാത്തതിന്‍റെ കാരണം ബോധിപ്പിക്കണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പോകയാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് ജയന്ത് സിൻഹയുടെ നിലപാട്. ഈസ്റ്റ് ഡൽഹിയിലെ എംപി യും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്യത്തെ അറിയിച്ചിരുന്നു.
2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ പാർട്ടി നേതൃത്വവുമായി ജയന്തി ന്‍റെ പിതാവ് യശ്വന്ത് സിൻഹ ഉടക്കിലായിരുന്നു. മുതിർന്ന നേതാക്കളെ സ്ഥാനങ്ങൾ നൽകാതെ മൂലക്കിയിരുത്തിയതിൽ പ്രതിഷേധിച്ച് അദ്ദേഹം കടുത്ത മോദി വിമർശകനായി മാറിയിരുന്നു. യശ്വന്ത് സിൻഹയെ പ്രീതിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിൽ ജയന്തിന് സഹമന്ത്രി സ്ഥാനം നൽകിയിരുന്നു. 2016ൽ ജയന്തിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഈ മാസം 14ന് ജയന്ത് സിൻഹയുടെ മകൻ ആഷിർ സിൻഹ കോൺഗ്രസിൽ ചേർന്നിരുന്നു. എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. 1998ന് ശേഷം ഹസാരി ബാഗ് ലോക് സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായാണ് സിൻഹ കുടുംബത്തിൽ നിന്ന് ഒരാൾ മത്സരരംഗത്ത് ഇല്ലാതിരിക്കുന്നത്. വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യ – വിദേശകാര്യ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു യശ്വന്ത് സിൻഹ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here