ഇവിടെ ഷൈൻ, അവിടെ ശ്രീ… തമിഴിൽ സിനിമാ പ്രവർത്തകർ ഏറ്റെടുത്ത് ചികിത്സയും പുനരധിവാസവും; ഇവിടെ ചികിത്സക്ക് തയ്യാറായി പോലീസും

2007ലെ കല്ലൂരി മുതൽ 2017ലെ മാനഗരം വരെയുള്ള സിനിമകളിലൂടെയും, തമിഴ് ബിഗ് ബോസിലൂടെയും സുപരിചിതനായ യുവതാരം ശ്രീരാം നടരാജൻ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞെട്ടിച്ചു. അർദ്ധനഗ്നായി, മെലിഞ്ഞുണങ്ങിയ ആ രൂപം കണ്ട് ആർക്കും ഒന്നും മനസിലായില്ല. കൂട്ടത്തിൽ ലൈംഗികച്ചുവയുള്ള ചില മെസേജുകളും കണ്ടെങ്കിലും ആരും താരത്തിനെതിരെ പരാതി ഉന്നയിച്ചില്ല. ശ്രീ ലഹരിക്ക് അടിമയായത് ആണെന്നും, അതല്ല ഗുരുതര വിഷാദരോഗം നേരിടുകയാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായി.

ഇതോടെ മാനഗരം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ നിർമാതാവുമായ ഉദയ്നിധി സ്റ്റാലിൻ എന്നിവരെ ടാഗുചെയ്ത് ചികിത്സാ സഹായം നൽകാൻ അഭ്യർത്ഥനകൾ പ്രവഹിച്ചു. തമിഴ് സിനിമയിൽ പലകോണിൽ നിന്നും ഉടനടി ഇടപെടലുകൾ ഉണ്ടായി. ഏതായാലും താരത്തിന് ചികിത്സ നൽകിയെന്നും, ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണെന്നും, അയാളുടെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കണമെന്നും ലോകേഷ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് എല്ലാവർക്കും ആശ്വാസത്തിനിട നൽകിയിട്ടുണ്ട്.

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അത്തരം ഇടപെടലുകളൊന്നും മലയാള സിനിമയിൽ നിന്ന് ഉണ്ടായതായി വിവരമില്ല. പകരം ചികിത്സക്ക് തയ്യാറെങ്കിൽ സൌകര്യം ഒരുക്കാമെന്ന് കഴിഞ്ഞ ദിവസത്തെ അറസ്റ്റിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ ഷൈനിനെ അറിയിച്ചിട്ടുണ്ട്. പ്രതികരണമായി, അടുത്തയിടെ കുടുംബം തന്നെ ചികിത്സക്ക് കൊണ്ടുപോയെന്നും അത് പൂർത്തിയാക്കാതെ തിരികെ പോന്നെന്നും താരം അറിയിച്ചു. ചികിത്സക്ക് തയ്യാറായാൽ ലഹരിക്കേസിൽ ശിക്ഷയുടെ കാര്യത്തിലും പ്രത്യേക പരിഗണനയുണ്ടാകും.

അതേസമയം ഷൈൻ ടോം ചാക്കോയെ സംബന്ധിച്ച് ഇവിടെ ഒരു ലഹരിക്കേസ് മാത്രമല്ല ഉയർന്നുവരുന്നത് എന്ന വ്യത്യാസവുമുണ്ട്. വിൻസി അലോഷ്യസിൻ്റെ പരാതി കേസായാൽ അത് സിനിമാ മേഖലയെയാകെ ബാധിക്കും. പരാതി പരിഹാര സംവിധാനങ്ങളും സ്ത്രീസുരക്ഷാ സംവിധാനങ്ങളുമാകെ വീണ്ടും ചോദ്യം ചെയ്യപ്പെടും. ഹേമ കമ്മറ്റി ഉണ്ടാക്കിയ കടുത്ത ആഘാതത്തിൽ നിന്ന് കരകയറാത്ത ഇൻഡസ്ട്രിയാകെ അതോടെ ഷൈനിന് എതിരാകും. പോരാത്തതിന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുകേസിൽ ഉൾപ്പെട്ടാൽ ഇതിനേക്കാളെല്ലാം ഗുരുതരവുമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here