ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്ന ഭര്‍ത്താവും മരിച്ചു; വധശ്രമത്തിനിടെ ശ്യാമിനും ഗുരുതര പൊള്ളലേറ്റിരുന്നു; അനാഥരായി വിശാലും സിയയും

ചേർത്തല: ഭാര്യയെ നടുറോഡില്‍ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതിയായ ഭർത്താവ് ശ്യാം ജി.ചന്ദ്രനും (36 )മരണത്തിന് കീഴടങ്ങി. വധശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എഴുപത് ശതമാനം പൊള്ളലേറ്റിരുന്നു. ശ്യാമിന്റെ ഭാര്യ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിശാലും സിയയുമാണ് ഇവരുടെ മക്കള്‍.
സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് മൊഴി.
തിങ്കളാഴ്ച രാവിലെയാണ് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്ന് ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി വൈകിട്ട് മരിച്ചു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്ന് മക്കളുമൊത്ത് മാറിത്താമസിച്ചിരുന്ന ആരതി, ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ അറസ്റ്റിലായ ശ്യാം ജാമ്യത്തിൽ ഇറങ്ങിയാണ് ഭാര്യയെ വകവരുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here