എസ്ഐ ട്രെയിനികളെ ‘റെലിഗേറ്റ്’ ചെയ്ത് ഉത്തരവ്; മാധ്യമ സിൻഡിക്കറ്റ് വാർത്ത ശരിവച്ച് പോലീസ് അക്കാദമി ഡയറക്ടർ

പോലീസ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെ എസ്ഐ ട്രെയിനി ഗർഭിണിയായത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വിഷയമെന്ന് അഭിപ്രായം ഉയരുമ്പോൾ ഇതിലുൾപ്പെട്ട രണ്ടുപേർക്കെതിരെ പ്രാഥമിക അന്വേഷണം പൂർത്തിയായി. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും പരിശീലനത്തിൽ നിന്ന് മാറ്റിനിർത്തിയതായി അറിയിച്ച് പോലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ്റെ ഉത്തരവ് പുറത്തുവന്നു. താൽക്കാലികമായി മാറ്റിനിർത്തുന്നുവെന്ന അർത്ഥത്തിൽ ‘റെലിഗേറ്റ്’ (RELIGATION) ചെയ്യുന്നു എന്നാണ് ഉത്തരവിലെ പരാമർശം. വേണമെങ്കിൽ അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാമെന്ന് അർത്ഥം. ഇരുവരെയും താൽക്കാലികമായി മാറ്റിനിർത്തിക്കൊണ്ടുള്ള തീരുമാനം മാധ്യമ സിൻഡിക്കറ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ നവംബർ 14ന് പരിശീലനം തുടങ്ങിയ ബാച്ചിൽപെട്ടവരാണ് പ്രണയത്തിലായി പിന്നീട് ഗർഭിണിയായത്. അബോർഷൻ നടത്താനായി ഇവർ അനധികൃതമായി അവധി എടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. തൃശൂർ പരിസരത്തെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്.

വിഷയം ഗൌരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഔദ്യോഗികമായി അഭിപ്രായം രൂപപ്പെട്ടിട്ടുള്ളത്. ‘സീരിയസ് മിസ്കോണ്ടക്ട്’ (SERIOUS MISCONDUCT) എന്നാണ് പോലീസ് അക്കാദമി ഡയറക്ടറുടെ ഉത്തരവിലെ പരാമർശം. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നത് വരെയാണ് റെലിഗേഷൻ. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാനാണ് സാധ്യത. ഇരുവരും വിവാഹം ചെയ്ത് വേവ്വേറെ കുടുംബങ്ങൾ ഉള്ളവരാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടെയും കുടുംബങ്ങളിൽ നിന്നും മൊഴിയെടുക്കും.

അതേസമയം മാധ്യമ സിൻഡിക്കറ്റ് ഇന്നലെ വാർത്ത പുറത്തുവിട്ടത് മുതൽ വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച ചർച്ചകൾക്കും ഇത് വഴിവച്ചിട്ടുണ്ട്. വിവാഹേതരബന്ധം കുറ്റകരമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത നാട്ടിൽ അതിൻ്റെ പേരിൽ ആരുടെയെങ്കിലും ഉപജീവനം മുട്ടിക്കുന്ന തരത്തിൽ നടപടിയെടുക്കാൻ എങ്ങനെ കഴിയുമെന്നാണ് പോലീസ് ഗ്രൂപ്പുകളിൽ അടക്കം പലരും ഉന്നയിക്കുന്ന ചോദ്യം. അനധികൃതമായി അവധിയെടുത്തു എന്നതല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് പോലെയുള്ള ശിക്ഷാർഹമായ വീഴ്ചകളൊന്നും എസ്ഐ ട്രെയിനികളെന്ന നിലയിൽ ഇരുവരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇവരുടെ പേരിൽ ക്രിമിനൽ കേസെടുക്കാൻ പോലും വ്യവസ്ഥയില്ല. പോരാത്തതിന് യുവതി അബോർഷൻ നടത്തിയ ആശുപത്രിയിൽ നിന്ന് അതിൻ്റെ വിവരങ്ങൾ പോലീസിന് ലഭ്യമാക്കിയത് തന്നെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉന്നയിച്ചു. പോലീസ് അക്കാദമി നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണെങ്കിൽ പോലും ക്രിമിനൽ കേസിൻ്റെ അന്വേഷണ ആവശ്യത്തിലേക്ക് അല്ലാതെ ഇത്തരം സ്വകാര്യ വിവരങ്ങൾ ആശുപത്രികൾ പുറത്തുവിടാൻ പാടില്ല. ഇങ്ങനെയെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന പോലീസ് നടപടിയോട് വിയോജിപ്പുള്ളവർ പോലീസിൽ തന്നെയുണ്ട്.

വകുപ്പുതല അന്വേഷണം ഇരുവരുടെയും കുടുംബങ്ങളിലേക്കും എത്തുമെന്നിരിക്കെ അവിടെ പൊട്ടിത്തെറി ഉണ്ടാകുന്നത് സ്വാഭാവികം. അതിനൊപ്പം ഉപജീവനം കൂടി മുട്ടിക്കുന്ന തരത്തിൽ സർക്കാർ നടപടി ഉണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടം ഇരുവർക്കും ഉണ്ടാകും. സർക്കാരിലെ മറ്റേത് വകുപ്പിലായാലും ഇത്തരം സാഹചര്യം ഉണ്ടായാൽ യാതൊരു പരുക്കുമില്ലാതെ ഇരുവർക്കും ജോലിചെയ്ത് ജീവിക്കാൻ കഴിയും എന്നത് യാഥാർത്ഥ്യമാണ്. ഇവിടെ ഇവർക്കെതിരെ ഇതുവരെ കുടുംബത്തിൽ നിന്നോ മറ്റൊരിടത്ത് നിന്നോ ആരും പരാതി ഉന്നയിച്ചതായും വിവരമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top