സിബി മലയിൽ ഫെഫ്ക പ്രസിഡന്റ്, ബി.ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സംവിധായകന്‍ സിബി മലയിൽ തിരഞ്ഞെടുക്കപ്പെട്ടു. ബി.ഉണ്ണികൃഷ്ണനാണ് ജനറൽ സെക്രട്ടറി. കൊച്ചിയിൽ നടന്ന ഫെഫ്‌കയുടെ വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സോഹൻ സീനുലാൽ വർക്കിംഗ് സെക്രട്ടറിയും സതീഷ് ആർ.എച്ച്. ട്രഷററുമായി തുടരും.
21 അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ജി.എസ്.വിജയൻ, എൻ.എം.ബാദുഷ, ദേവി.എസ്, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റ്മാർ. ജോയിന്റ് സെക്രട്ടറിമാരായി ഷിബു.ജി.സുശീലൻ, അനീഷ് ജോസഫ് , നിമേഷ്.എം, ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ എന്നിവരെ തിരഞ്ഞെടുത്തു. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here