കേരളടീമിനെ മേനാച്ചേരി പിള്ളേര്‍ നയിക്കും; അപൂര്‍വ്വ റെക്കോര്‍ഡുമായി ഗ്രിമയും ഗ്രിഗോയും
തിരുവനന്തപുരം: കേരളത്തിലെ പുരുഷ-വനിതാ ബാസ്ക്കറ്റ്ബോള്‍ ടീമുകളെ ദേശീയ ചാമ്പ്യന്‍ഷിപ്പിന് നയിക്കാനുള്ള ചരിത്രനിയോഗം സഹോദരങ്ങള്‍ക്ക്. കേരളത്തിലെ കായിക ചരിത്രത്തില്‍ ഒരുപക്ഷെ ആദ്യമായാണ് ഇത്തരമൊരു റെക്കോര്‍ഡ് മലയാളി സഹോദരങ്ങള്‍ക്ക് ലഭിക്കുന്നത്. തൃശ്ശൂര്‍ കൊരട്ടി മേനാച്ചേരില്‍ വീട്ടില്‍ വര്‍ഗീസിന്റെയും റീമയുടെയും മക്കളാണ് ഗ്രിമയും (28) ഗ്രിഗോയ്ക്കുമാണ് (25) ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. വനിതാ ടീമിനെ ഗ്രിമ മെര്‍ളിനും പുരുഷ ടീമിനെ ഗ്രിഗോ മാത്യുവുമാണ് നയിക്കുന്നത്. കുടുംബത്തിന്‍റെ പ്രോത്സാഹനമാണ് ദേശീയ അന്തര്‍ദേശീയ വേദികള്‍ മത്സരിക്കാനുള്ള അവസരം നേടി തന്നതെന്ന് ഗ്രിമ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കേരളത്തിനും തമിഴ്നാടിനും വേണ്ടി ബാസ്കറ്റ്ബോള്‍ കളിച്ച മുതിര്‍ന്ന സഹോദരി ഗ്രിയയാണ് ഇരുവരുടെയും പ്രചോദനം.
പഞ്ചാബില്‍ നടക്കുന്ന 73-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനാണ് ഇവര്‍ ടീമിനെ നയിക്കുന്നത്. സ്കൂള്‍ കാലഘട്ടം മുതല്‍ കോര്‍ട്ടിലേക്ക് ഇറങ്ങിയതാണ് ഗ്രിമയും ഗ്രിഗോയും. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. 2018ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഈ വര്‍ഷം ഗോവയില്‍ നടന്ന ദേശീയ ഗെയിംസിലും സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു ഗ്രിമ. നാഷണല്‍ ഗെയിംസില്‍ പുരുഷ ടീമിലെ അംഗമായിരുന്നു ഗ്രിഗോ. സ്പോര്‍ട്സ് ക്വാട്ടയിലൂടെ ലഭിച്ച ആനൂകൂല്യങ്ങളാണ് മൂന്ന് സഹോദരങ്ങളുടെ പഠനത്തിനും ജോലിക്കും പിന്തുണയായതെന്ന് ഗ്രിമ പറയുന്നു.
ഇരുവരും കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ്. സഹോദരങ്ങള്‍ ഒരുമിച്ച് കേരളത്തിന്‍റെ ക്യാപറ്റന്‍മാരായി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കുടുംബത്തിന് മാത്രമല്ല സംസ്ഥാനത്തിനും അഭിമാനകരമായ നേട്ടമാണ്. പതിനഞ്ചുവര്‍ഷമായി ഗ്രിമ കേരള ടീമിനുവേണ്ടി കളിക്കുന്നു. സഹോദരന്‍ ഗ്രിഗോ പത്ത് വര്‍ഷവും. ഇത്തവണ ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ പഞ്ചാബില്‍ നടക്കുന്ന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരുവര്‍ക്കും ഇരട്ടി മധുരമായി മാറുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here