സൈബി ജോസ് വീണ്ടും ഹൈക്കോടതി അഡ്വക്കേറ്റ് അസോ. പ്രസിഡന്റ്; കോഴക്കേസില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്
കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സൈബി ജോസ് കിടങ്ങൂര്‍ മടങ്ങിയെത്തി. ജഡ്ജിമാരെ സ്വാധീനിക്കാനായി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൈബി ജോസ് മാറി നിന്നത്. എന്നാല്‍ ഈ ആരോപണം അഭിഭാഷകര്‍ തമ്മിലുണ്ടായ വ്യക്തിവിരോധം മൂലമാണെന്ന് ക്രെംബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അനുകൂലവിധി കിട്ടാന്‍ ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ല. കക്ഷികളില്‍ നിന്ന് സൈബി പണം വാങ്ങിയെന്നത് വെറും കേട്ടുകേള്‍വിയായാണ് സാക്ഷികള്‍ അവതരിപ്പിക്കുന്നത്. എതിര്‍കക്ഷികളായി രംഗത്തെത്തിയ അഭിഭാഷകര്‍ക്കും തെളിവുകള്‍ ഹാജരാക്കാനോ, അതനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയൊന്നുമില്ലെന്ന് വ്യക്തമായി പറഞ്ഞാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെപൂര്‍ണ വിവരങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിട്ടിരുന്നു. ആരോപണം തെറ്റാണെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയതോടെയാണ് സൈബി ജോസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് എന്നിവരുടെ കോടതികളില്‍ പരിഗണനയിലിരുന്ന വിവിധ കേസുകളിലെ കക്ഷികളില്‍ നിന്ന് ഈ ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ സൈബി ജോസ് പണം വാങ്ങിയെന്ന് ആയിരുന്നു ആരോപണം. ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്നാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here