സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐക്ക് വിട്ടു; നടപടി പിതാവിന്റെ ആവശ്യപ്രകാരം; തീരുമാനം സ്വാഗതം ചെയ്ത് കുടുംബം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ എസ്എഫ്ഐയുടെ ക്രൂര റാഗിങ്ങിനിരയായ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. മകന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്‍റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ ഉത്തരവും ഇറങ്ങി.
സിബിഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. പൊടുന്നനെയുള്ള സിബിഐ അന്വേഷണ പ്രഖ്യാപനം അതിന്റെ തെളിവുമാകുന്നു. സിദ്ധാര്‍ത്ഥന്‍റെ വീട് നെടുമങ്ങാട് ആയിട്ടുകൂടി മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരായ ജി.ആർ.അനിലും ശിവന്‍കുട്ടിയും ചിഞ്ചു റാണിയുമാണ് സിദ്ധാർഥന്റെ വീട്ടിലെത്തിയത്.
കുടുംബത്തിന്റെ ഇടപെടലാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നിര്‍ണായകമായത്. മകന്റെ മരണം ക്രൂരറാഗിങ്ങിനെ തുടര്‍ന്നാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും നിരന്തരം ചാനല്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സി അന്വേഷിക്കുമ്പോള്‍ നീതി ലഭിക്കില്ലെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. കുടുംബത്തിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here