സിദ്ധാര്‍ത്ഥന്‍റെ ‘കൊലയാളികളെ’ രക്ഷിക്കാന്‍ സിപിഎം അധ്യാപക സംഘടന രംഗത്ത്; ഞെട്ടിക്കുന്ന ആരോപണവുമായി കുടുംബം; പണപ്പിരിവ് തുടങ്ങി എന്ന് ആരോപണം

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥനോടുള്ള കോളജ് അധികൃതരുടെ നീതികേട് ഇപ്പോഴും തുടരുന്നുവെന്ന് കുടുംബം. ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് മരണമടഞ്ഞ സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഉത്തരവാദികളെ രക്ഷിക്കാനാണ് സിപിഎമ്മിന്റെ കോളജ് അധ്യാപക സംഘടന പണപ്പിരിവ് നടത്തുന്നതെന്ന് സിദ്ധാര്‍ത്ഥന്‍റെ അമ്മാവന്‍ എം.ഷിബു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തിൽ നടപടി നേരിട്ടവരാണ് കോളജ് മുൻ ഡീൻ ഡോ. എം.കെ.നാരായണനും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന ഡോ.ആർ.കാന്തനാഥനും. ഇവരുടെ സസ്പെന്‍ഷന്‍ റദ്ദ് ചെയ്യാനുള്ള നിയമസഹായത്തിനാണ് 2000 രൂപ വീതം അധ്യാപകരില്‍ നിന്നും പിരിവ് എടുക്കുന്നത്. ഇത്രയും നീചമായ പ്രവര്‍ത്തി അധ്യാപകര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ഈ കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ള ആലോചനയിലാണ്. മുൻ ഡീനും അസിസ്റ്റന്റ് വാർഡനുമൊക്കെ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആരോപണവിധേയരാണ്.”

” മൃഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകര്‍ അവരെക്കാളും തരംതാണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴുള്ള ഡീനിനെ കണ്ട് രൂക്ഷമായ രീതിയില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്ക് വേണ്ടി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്ന് ഞാന്‍ അവരോടു പറഞ്ഞു. ഒരു മറുപടിയും ഉണ്ടായിരുന്നില്ല. മുന്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാന്‍ തീരുമാനമായപ്പോള്‍ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയാണ്‌ അത് മരവിപ്പിച്ചത്. ഇവരെ തിരിച്ചെടുക്കാന്‍ വേണ്ടിയുള്ള നിയമപോരാട്ടത്തിനാണ് അധ്യാപക സംഘടന പണപ്പിരിവ് നടത്തുന്നത്. തീര്‍ത്തും നെറികേടാണിത്.” – ഷിബു പറഞ്ഞു.

മുന്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വേണ്ടി പണപ്പിരിവ് നടത്തുന്നത് വെറ്ററിനറി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടിഒവിയുകെ) ആണ്. പണപ്പിരിവിനെതിരെ സംഘടനയ്ക്ക് ഉള്ളില്‍ നിന്നും എതിര്‍പ്പുള്ളതായി സൂചനയുണ്ട്. കഴിഞ്ഞ മാസം സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗത്തിലാണ് ഇവരെ തിരിച്ചെടുത്തത്. ഇടത് അംഗങ്ങളുടെ സമ്മർദത്തെ തുടര്‍ന്നാണ് ഇത് ഉണ്ടായത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നാരായണനെയും കാന്തനാഥനെയും തിരിച്ചെടുക്കാൻ തീരുമാനമായത്. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ്‌ ഈ തീരുമാനം ഗവര്‍ണര്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജിലെ 19 വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. കേസില്‍ പെട്ടതോടെ പരീക്ഷ എഴുതാന്‍ അനുമതി തേടി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. തൃശൂരിലെ മണ്ണുത്തിയിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കില്ലെന്നും അറിയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ (20) സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടത്. ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമായത്. രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ സിദ്ധാർത്ഥനെ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയത്. ഈ ആക്രമണങ്ങള്‍ക്ക് ശേഷമാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

പോലീസ് അന്വേഷണത്തില്‍ തൃപ്തരാകാതെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് കൈമാറിയത്. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ കൈമാറാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തിയാണ് രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. അതിനുശേഷമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്. പ്രതികൾ സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തി. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ അടിവസ്ത്രത്തില്‍ നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി അതിക്രൂരമായ റാഗിങ്ങിന് ഇരയായി. ക്രൂരമായ ശാരീരിക ആക്രമണവും അപമാനവും നേരിട്ടു. ബെല്‍റ്റും കേബിളും കൊണ്ട് ആക്രമിച്ചു. രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചു. രണ്ടു ദിവസം നഗ്നനാക്കി മർദിച്ചു. അടിവസ്ത്രത്തില്‍ നിര്‍ത്തി അപമാനിച്ചുവെന്നും കുറ്റപത്രം പറയുന്നു. അടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. അവശനായപ്പോൾ വൈദ്യസഹായവും നൽകിയില്ല. കുറ്റപത്രത്തില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top