സിബിഐ വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരമെന്ന് സിദ്ധാർത്ഥന്‍റെ പിതാവ്; അന്വേഷണം വഴിമുട്ടിയ നിലയില്‍; കുടുംബം പ്രതിപക്ഷ നേതാവിനെ കണ്ടു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥന്‍റെ മരണത്തില്‍ അന്വേഷണം വഴിമുട്ടിയ നിലയിലെന്ന് പിതാവ് ടി.ജയപ്രകാശ്. സിബിഐ അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ല. പോലീസ് അന്വേഷണവും നിലച്ച നിലയില്‍. ഈ സ്ഥിതിവിശേഷത്തില്‍ ആശങ്കയുണ്ട്-പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്. പ്രതിപക്ഷ നേതാവിനെ വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ വന്നത്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ആവശ്യമാണ്. അക്ഷയ് എന്ന വിദ്യാര്‍ത്ഥി, പരാതിക്കാരി പെണ്‍കുട്ടി, കോളജ് ഡീന്‍ എന്നിവര്‍ അറസ്റ്റിലാകേണ്ടതുണ്ട്. നടപടികള്‍ വന്നില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യും-ജയപ്രകാശ് പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സര്‍ക്കാരും പൊലീസും സിപിഎം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കും-പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ശുപാർശ ഏജൻസിക്കു കൈമാറുന്നതിൽ സർക്കാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ട്. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയെങ്കിലും കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് കൈമാറുന്നതില്‍ വീഴ്ച വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ മാസം ഒൻപതിനാണ് സിദ്ധാർത്ഥന്‍റെ മരണം സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിറക്കിയത്. സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം ഈ മാസം 16നാണ് സര്‍ക്കാര്‍ അയച്ചത്. ഇതില്‍ തന്നെ കാലതാമസം വന്നു. ഇതൊക്കെ മനസിലാക്കിയാണ് പിതാവ് പ്രതിപക്ഷ നേതാവിനെ ഇന്ന് സന്ദര്‍ശിക്കുകയും നടപടി വന്നില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരമിരിക്കുകയും ചെയ്യുമെന്ന് ജയപ്രകാശ് പ്രഖ്യാപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here