സിദ്ധാര്‍ത്ഥിനെ 8 മാസത്തോളം റാഗ് ചെയ്തു; പോലീസ് സ്‌റ്റേഷനിലെ പോലെ യൂണിയന്‍ റൂമില്‍ ഒപ്പിടിയിച്ചു; ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

വയനാട് : പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂര റാഗിങിന് ഇരയായ സിദ്ധാര്‍ത്ഥന്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും എട്ട് മാസത്തോളമായി സിദ്ധാര്‍ത്ഥിനെ ഉപദ്രവിക്കുന്നതായാണ് കണ്ടെത്തല്‍. പോലീസ് സ്റ്റേഷനില്‍ സ്ഥിരം കുറ്റവാളികള്‍ ചെയ്യുന്നതു പോലെ എട്ട് മാസം എല്ലാ ദിവസവും യൂണിയന്‍ ഓഫീസില്‍ ഒപ്പിടിയിച്ചു.

ഹോസ്റ്റലിലും സമാനമായ രീതിയില്‍ ശിക്ഷിച്ചിരുന്നു. ഹോസ്റ്റലില്‍ എത്തിയ ദിവസം മുതല്‍ എസ്എഫ്‌ഐ നേതാവായ അരുണിന്റെ റൂമില്‍ രാവിലെയും വൈകുന്നേരവും ഹാജരാകണമെന്നാണ് സിദ്ധാര്‍ത്ഥനോട് ആവശ്യപ്പെട്ടിരുന്നത്. എട്ട് മാസത്തോളം ഈ രീതി തുടര്‍ന്നു. ഇതിനിടയില്‍ പലതവണ സിദ്ധാര്‍ത്ഥനെ നഗ്നനാക്കി മര്‍ദ്ദിച്ചതായും സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് മൊഴി നല്‍കി.

കോളേജില്‍ സജീവമായതും ഫോട്ടോഗ്രാഫര്‍, ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തി ലഭിച്ചതുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിദ്ധാര്‍ത്ഥനോട് വിദ്വേഷം തോന്നാന്‍ കാരണം. അതിനാല്‍ മാസങ്ങളായി സിദ്ധാര്‍ത്ഥനെ വരുതിയിലാക്കാന്‍ ഗൂഡാലോചന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജന്മദിനത്തില്‍ തൂണില്‍കെട്ടിയിട്ട് മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ തന്നെയാണ് ഈ അതിക്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹോസ്റ്റലിലെ ജീവനക്കാര്‍ മെഴി നല്‍കാന്‍ ഭയപ്പെടുന്നതായും ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിലുണ്ട്. ഹോസ്റ്റലിലെ പാചകക്കാരന്‍ രാജിവച്ച് പോയി. സുരക്ഷാ ജീവനക്കാര്‍ മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top