സിദ്ധാര്‍ത്ഥനെ ക്രൂരമായി റാഗ് ചെയ്ത 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠനവിലക്ക്; പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി

കൽപ്പറ്റ: ക്രൂര റാഗിങ്ങിനിരയായി വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തേക്ക് പഠനവിലക്ക്.

സിദ്ധാര്‍ത്ഥനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള 18 പേർക്കും സംഭവത്തിൽ പങ്കുള്ള മറ്റൊരു വിദ്യാർഥിക്കുമാണ് വിലക്ക്. പൂക്കോട് വെറ്റിനറി കോളേജ് ആന്റി റാ​ഗിങ് കമ്മറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അം​ഗീകൃത സ്ഥാപനങ്ങളിൽ എവിടെയും ഇവർക്ക് പഠനം തുടരാനാവില്ല.

അതേസമയം, കേസിൽ പ്രതിയായ ഒരാൾകൂടി ഇന്ന്കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം 11 ആയി.

കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, യൂണിയൻ അം​ഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി. കേസിൽ നേരത്തെ ഏഴുപേർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴുപേരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബിവിഎസ്സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ (21) ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നു.

മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ മൊഴികള്‍. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top