ഇരവാദവുമായി സിദ്ദിഖ് സുപ്രീം കോടതിയിൽ; നടനെ കണ്ടെത്താനാകാതെ പോലീസ്
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിൽ. ഓൺലൈനായാണ് ഹർജി ഫയൽ സമർപ്പിച്ചത്. താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണെന്നാണ് വാദം. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ കത്തും നൽകി.
എട്ടു വർഷത്തിന് ശേഷം പരാതിക്കാരിയായ നടി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് വിശ്വസീനിയമല്ല. 2019ൽ ഫെയ്സ്ബുക്കിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗത്തിൻ്റെ കാര്യം പറഞ്ഞിരുന്നില്ല. ഈ വസ്തുകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞു. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തേ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാർ നിലപാട് കേൾക്കാതെ സിദ്ധിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് ആണ് ആവശ്യം. പരാതിക്കാരിയും തടസ ഹർജി നൽകിയിട്ടുണ്ട്.
അതേസമയം സിദ്ദിഖ് എവിടെയാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജാമ്യം നിഷേധിച്ചതിനു പിന്നാലെ അറസ്റ്റ് ചെയ്യാനുളള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. സിദ്ദിഖിന്റെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പ്രധാന ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. കോടതി ഉത്തരവിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫാണ്. സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെ ഫോണുകള്‍ കൂടി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.
സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വലിയ വീഴ്ചയുണ്ടായതായി വിമര്‍ശനം ശക്തമാണ്. ബലാത്സംഗ കേസിൽ പ്രതിയായിട്ടും സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറിയിരുന്നില്ല. മാത്രമല്ല മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു ക്രമീകരണവും പോലീസ് ഒരുക്കിയില്ല. ഇതോടെയാണ് അനായാസം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ സിദ്ദിഖിന് കഴിഞ്ഞതെന്നാണ് വിമര്‍ശനം ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here