പൂക്കോട് സിബിഐയുടെ ഡമ്മി പരിശോധന; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണം; ദില്ലിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും ഹോസ്റ്റലില്‍

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഹോസ്റ്റലില്‍ ഡമ്മി പരിശോധന നടത്തി. സിദ്ധാര്‍ത്ഥന്റെ തുക്കവും ഉയരവുമുള്ള ഡമ്മികള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. തൂങ്ങിമരിച്ച നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയ ഹോസ്റ്റലിലെ ശുചിമുറിയിലായിരുന്നു പ്രധാനമായും ഡമ്മി പരിശോധന നടത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാനാണ് സിബിഐ ഈ പരിശോധന നടത്തിയത്. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കോളജിലെത്തിയത്.
ആണ്‍കുട്ടികളെ ഹോസ്റ്റലിലാണ് സിബിഐ സംഘം ആദ്യമെത്തിയത്. ക്രൂരമര്‍ദനം നടന്ന മുറി, നടുമുറ്റം, ശുചിമുറി എന്നിവിടങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു. ദില്ലിയില്‍ നിന്നും പ്രത്യേക ഫോറന്‍സിക് സംഘത്തേയും എത്തിച്ചിരുന്നു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സഹായത്തോടെയാണ് പരിശോധനകളെല്ലാം നടന്നത്.
സിദ്ധാര്‍ത്ഥന്‍ ക്രൂരമര്‍ദനത്തിന് ഇരയായ സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരോടെല്ലാം എത്താനും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പരിശോധനകളെല്ലാം നടന്നത്. നേരത്തെ മൂന്ന് തവണ സിബിഐ കോളജില്‍ പരിശോധന നടത്തിയിരുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റേയും ബന്ധുക്കളുടേയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കുക.
കല്‍പ്പറ്റ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച അന്വേഷണസംഘം കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here