‘സിദ്ധാർത്ഥന്റെ മരണത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും ഒത്തുകളിക്കുന്നു; തെളിവ് നശിപ്പിക്കാന്‍ ശ്രമം’; നീതി വൈകിയാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തോടെ സസ്പെന്‍ഷനിലായിരുന്ന 33 പേരെ തിരിച്ചെടുത്ത വൈസ് ചാന്‍സലറുടെ നടപടി ബോധപൂർവമായ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിബിഐ അന്വേഷണത്തിന് മുന്‍പ് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതികളെ രക്ഷിക്കാൻ സർവകലാശാല അധികൃതരും സർക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നെന്നും വിഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനമെന്നും സതീശന്‍ വ്യക്തമാക്കി.
“33 പേരുടെ സസ്പെൻഷൻ റദ്ദാക്കിയ വൈസ് ചാന്‍സലര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. യാതൊരു നിയമസഹായവും കൂടാതെ എങ്ങനെയാണ് ഇത്തരത്തിലുള്ള നടപടി വിസി സ്വീകരിച്ചത്. സിദ്ധാര്‍ത്ഥനെ കെട്ടിത്തൂക്കി കൊന്നവര്‍ തന്നെയാണ് കെട്ടഴിച്ച് താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കേസില്‍ ഉള്‍പ്പെട്ട ഉന്നതരായ ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഇത് ഒരു കുടുംബത്തിന്‍റെ മാത്രം പ്രശ്നമല്ല, കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളുടെയും ആശങ്കയാണ്”; സതീശന്‍ പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ തുടക്കം മുതല്‍ പോലീസ് ശ്രമിച്ചിരുന്നു. കേസിലെ മുഖ്യ പ്രതികളെ സംരക്ഷിച്ചത് സിപിഎം ആണ്. പ്രതിപക്ഷ യുവജനങ്ങളുടെ നീണ്ട സമരത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. മാധ്യമശ്രദ്ധ തിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍റെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുയാണ്. സിബിഐ അന്വേഷണം ബോധപൂര്‍വം സര്‍ക്കാര്‍ വൈകിപ്പിക്കുയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം കേസില്‍ നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് സിദ്ധാര്‍ത്ഥന്‍റെ കുടുംബം. കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയ്ക്ക് സിദ്ധാർത്ഥൻ ഇരയായിരുന്നെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here