സിദ്ധാർത്ഥന് നേരത്തെയും പീഡനം; 7 ദിവസത്തോളം പഴക്കമുള്ള പരുക്കുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി; കേസ് എസ്എഫ്ഐക്കാരിൽ തീരില്ല; തെളിവുകൾ പുറത്ത്
തിരുവനന്തപുരം: വയനാട് പൂക്കോട് കോളജിൽ സഹപാഠികളുടെ മർദ്ദനത്തിന് ഇരയായ ശേഷം ജീവനൊടുക്കിയ സിദ്ധാർത്ഥന് മുൻപും മർദനമേറ്റു. ഇവയുടെ കൃത്യമായ അടയാളങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ട്. ഹോസ്റ്റൽ മുറിയിൽ തടവിൽ പാർപ്പിച്ച് മർദിച്ചുവെന്ന കേസിൽ ആരോപണ വിധേയരായ എസ്എഫ്ഐക്കാർക്ക് പുറമേ മറ്റാരോ കൂടി സിദ്ധാർത്ഥനെ കയ്യേറ്റം ചെയ്തു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇതാരെന്ന് കണ്ടെത്തുകയാണ് കേസിൽ ഏറ്റവും നിർണായകമാകുക. പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് സഹിതം വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.
ഫെബ്രുവരി 18ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സിദ്ധാർത്ഥൻ്റെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് പോസ്റ്റുമോർട്ടത്തിന് അയച്ചത്. ഫെബ്രുവരി 19ന് നടത്തിയ പോസ്റ്റുമോർട്ടത്തിൻ്റെ റിപ്പോർട്ട് പ്രകാരം ആകെ 18 പരുക്കുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. ഇവയെ നാലായി തരംതിരിക്കാം. ഏറ്റവും പ്രധാനവും ഗുരുതരവുമായ പരുക്ക് തൂങ്ങി മരിക്കുമ്പോൾ കഴുത്തിൽ കുരുക്ക് മുറുകിയതിൻ്റെയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നാലും അഞ്ചും നമ്പറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ് അവ. ലിഗേച്ചർ മാർക്സ് (Ligature marks) അഥവാ കുരുക്കിൻ്റെ അടയാളം എന്ന് തന്നെയാണ് ഇതിനെ പറഞ്ഞിട്ടുള്ളത്.
ശേഷിക്കുന്ന പതിനാറിൽ നാലെണ്ണം ആണ് ഗുരുതര സ്വഭാവത്തിൽ ഉള്ളത്. റിപ്പോർട്ടിൽ നമ്പർ 1 ആയി പറയുന്ന തലയ്ക്ക് പിന്നിൽ കണ്ടെത്തിയ 6 സെൻ്റിമീറ്റർ നീളവും 2.3 സെൻ്റിമീറ്റർ വീതിയുമുള്ള ചതവ് ആണ് പ്രധാനപ്പെട്ട ഒന്ന്. വടി കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ആയുധം കൊണ്ടോ അടിച്ചാലോ അല്ലെങ്കിൽ സമാന രീതിയിലുള്ള മർദ്ദനത്തിനിടെ തലയടിച്ച് തറയിൽ വീണാലോ ഉണ്ടാകാവുന്ന തരത്തിൽ ഉള്ളതാണ് ഇത്. റിപ്പോർട്ടിൽ നമ്പർ 7 ആയി കാണുന്ന നെഞ്ചിൽ ഇടത് ഭാഗത്തുള്ള 5 സെൻ്റിമീറ്റർ നീളവും 5 സെൻ്റിമീറ്റർ വീതിയുമുള്ള ചതവ് ആണ് സാരമെന്ന് പറയാവുന്ന മറ്റൊന്ന്. നമ്പർ 12 ആയി റിപ്പോർട്ടിൽ പറയുന്ന കഴുത്തിന് പിന്നിൽ നട്ടെല്ലിൻ്റെ ഭാഗത്തെ 15 സെൻ്റിമീറ്റർ നീളവും 5 സെൻ്റിമീറ്റർ വീതിയും ഉള്ള ചതവ് ആണ് കൂട്ടത്തിൽ ഏറ്റവും പ്രധാനം. റിപ്പോർട്ടിൽ നമ്പർ 14 ആയി പറയുന്ന വയറ്റിലെ ചതവ് ആണ് സാരമെന്ന് പറയാവുന്ന മറ്റൊരു പരുക്ക്. 5 സെൻ്റിമീറ്റർ വീതം നീളവും വീതിയുമുള്ള ഈ ചതവ് 2 സെൻ്റിമീറ്റർ ഉള്ളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട് എന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇവയെല്ലാം നാല് ദിവസത്തിൽ താഴെ പഴക്കം ഉള്ളവയാണെന്ന് വ്യക്തം. ഇത്രവരെയെല്ലാം നിലവിലെ പോലീസ് അന്വേഷണത്തിലെ നിഗമനവുമായി ചേർന്ന് പോകുന്നതാണ്.
എന്നാൽ ശേഷിക്കുന്ന പന്ത്രണ്ടിൽ അഞ്ച് പരുക്കുകളാണ് നിർണായകവും ഇനി കാരണം കണ്ടെത്തേണ്ടതും. ഇവയെല്ലാം നാല് ദിവസത്തിലധികം പഴക്കമുള്ളതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ 9, 10, 13, 16, 18 നമ്പരുകളിലുള്ള പരുക്കുകളാണ് ഇവ. പുറത്തും കഴുത്തിൻ്റെ പുറകിലും നടുവിൻ്റെ ഭാഗത്തും വലത് കയ്യിലും കാണപ്പെട്ട ഉരഞ്ഞ പാടുകളിൽ പൊറ്റ കെട്ടിയത് ബ്ലാക്ക് സ്കാബ് (black scab) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൊലിപ്പുറത്തെ ഉരവുകളും ചെറിയ പരുക്കുകളും ഉണങ്ങി ഉണ്ടാകുന്ന പാടുകളുടെ നിറവ്യത്യാസം നോക്കിയാണ് പരുക്കുകളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. അഞ്ചു മുതൽ ഏഴു ദിവസം വരെ എത്തുമ്പോഴാണ് ഇവ കറുത്ത നിറത്തിലാകുക. അതിന് ശേഷമാണ് അത് പൊളിഞ്ഞ് ഇളകിപോകുക. അഞ്ചു ദിവസത്തിൽ താഴെയെങ്കിൽ ചുവപ്പ് ചേർന്ന ബ്രൗൺ (reddish brown) നിറത്തിൽ കാണും.
ഇങ്ങനെ കണക്കാക്കുമ്പോഴാണ് സിദ്ധാർത്ഥൻ്റെ ശരീരത്തിൽ കണ്ടെത്തിയ ഈ അഞ്ചു പരുക്കുകൾ അഞ്ചു ദിവസത്തിന് മുൻപേ ഉണ്ടായതാണ് എന്ന് വ്യക്തമാകുന്നത്. അതായത് ഇപ്പോൾ ആരോപിക്കപ്പെടുന്ന മൂന്ന് ദിവസത്തെ മർദ്ദനം മാത്രമല്ല, അതിനും മുൻപ് സിദ്ധാർത്ഥന് പരുക്കേറ്റിരുന്നു എന്ന് വ്യക്തമാകും. അത് എവിടെ വച്ച്, ആര് ചെയ്തു എന്ന് കണ്ടെത്തുക എന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി. കാരണം അന്വേഷണമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് മരണത്തിന് തൊട്ടുമുൻപുള്ള മൂന്ന് ദിവസത്തെ മർദ്ദനത്തിൽ ആണ്. അതിൽ ഉൾപ്പെട്ട എസ്എഫ്ഐക്കാർ അടക്കമുള്ളവർ മാത്രമാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് സർജൻ്റെ മൊഴിയും ഉണ്ടായിട്ടും അതിന് മുമ്പുള്ള മർദ്ദനത്തിലേക്ക് അന്വേഷണം പോകാത്തത് സംശയകരമാണ്. മറ്റാരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണോ ഇതെന്ന സംശയത്തിനും ഇട നൽകുന്നതാണ് ഈ വീഴ്ച. നിലവിൽ ആരോപണ വിധേയരായ എസ്എഫ്ഐക്കാരുടെ അറസ്റ്റ് പൂർത്തിയാക്കി വിവാദങ്ങളെ പിടിച്ചുകെട്ടാം എന്നതാണ് ലൈൻ എന്നുവേണം അനുമാനിക്കാൻ.
ഇനിയുള്ള ഏഴ് പരുക്കുകൾ (പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ 2, 3, 6, 8, 11, 15, 17 നമ്പരിലുള്ളവ) ഒട്ടും ഗുരുതര സ്വഭാവത്തിൽ ഉള്ളതല്ല. ഉരവുകളും ചതവുകളും മാത്രമാണ്. ഇവയിൽ പലതിലും റെഡ്ഡിഷ് ബ്രൗൺ സ്കാബ് (reddish brown scab) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് നിലവിലെ പോലീസ് ഭാഷ്യം പോലെ മരണത്തിന് തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടായത് എന്ന് ന്യായമായും കണക്കാക്കാം. ഇവയ്ക്കൊപ്പം മുകളിൽ പറഞ്ഞ നാല് പരുക്കുകളും (1, 7, 12, 14) ചേരുമ്പോഴാണ് മരണത്തിന് തൊട്ടുമുമ്പുള്ള മൂന്നു ദിവസത്തെ പരുക്കുകളോടെ പൂർണ ചിത്രം കിട്ടുക. എന്നാൽ സിദ്ധാർത്ഥന് നേരെ പലപ്പോഴായി ഉണ്ടായ മർദ്ദനങ്ങളുടെ പൂർണചിത്രം കിട്ടണമെങ്കിൽ ആകെയുള്ള 18ൽ 16 പരുക്കുകളും പരിഗണിക്കണം; കഴുത്തിലെ കുരുക്കിൻ്റെ 2 പരുക്കുകൾ ഒഴിവാക്കാം.
കഴുത്ത് ഞെരിച്ചോ (Strangulation) മറ്റു തരത്തിൽ ശ്വാസം മുട്ടിച്ചോ (മൂക്കും വായും പൊത്തിപിടിച്ചുള്ള Smothering) ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചോ എന്ന് സംശയിക്കാനുള്ള വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല. കാരണം കഴുത്തിന് കീഴെയുള്ള പേശികൾക്ക് ക്ഷതം ഉണ്ടായിട്ടില്ല എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. കഴുത്ത് ഞെരിച്ചാൽ അവിടെ സാരമായ ക്ഷതം ഉണ്ടാകും. മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചാൽ മൂക്കിൻ്റെയോ വായുടെയോ ചുണ്ടുകളുടെയോ ഭാഗത്ത് ക്ഷതമോ പരുക്കുകളോ ഉണ്ടാകണം. ആ ഭാഗത്തൊന്നും ഒരു വ്യത്യാസവുമില്ല (Intact) എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ ആദ്യ പാരഗ്രാഫിൽ പറയുന്നത്. പ്രത്യേകിച്ച് പല്ലുകളുടെ മുൻനിര നേരെയാക്കാനുള്ള കമ്പി (Metal braces) ഉപയോഗിച്ചിരുന്ന ആളായിരുന്നു സിദ്ധാർത്ഥൻ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തന്നെ പറഞ്ഞിരിക്കെ, ആ ഭാഗത്ത് സമ്മർദം ഉണ്ടായാൽ തീർച്ചയായും വായിൽ മുറിവുകൾ ഉണ്ടാകും എന്നത് ഉറപ്പാണ്.
ആന്തരികാവയവങ്ങളുടെ കാര്യത്തിലും പരുക്കൊന്നുമില്ല എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. മൂന്നാം പേജിലെ അവസാന പാരഗ്രാഫിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. തലയോട്ടി, വാരിയെല്ലുകൾ, ഹൃദയ വാൽവുകൾ, കുടലുകൾ, ജനനേന്ദ്രിയം അടക്കം ഒന്നിനും വ്യത്യാസം ഒന്നുമില്ല (Intact) എന്ന് തന്നെ പറയുന്നുണ്ട്. എല്ലുകൾക്കും പരുക്കൊന്നുമില്ല എന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാണ്.
വസ്തുതകൾ ഇങ്ങനെയായിരിക്കെ, പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുന്ന പരുക്കുകളുടെ സ്വഭാവം നിർണയിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുക എന്നതാണ് വിവാദമായ കേസുകളിൽ മുൻകാലങ്ങളിൽ ചെയ്തിരുന്നത്. മെഡിക്കൽ കോളജിലെ പോലീസ് സർജനോ ഫോറൻസിക് വിദഗ്ധരുടെ സംഘമോ അല്ല ഇവിടെ പോസ്റ്റുമോർട്ടം നടത്തിയിരിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ ഇത് ഏറ്റവും അത്യാവശ്യവുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here