സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ 18 പ്രതികളും പിടിയില്‍; ഡാനിഷും ആദിത്യനും പോലീസ് കസ്റ്റഡിയില്‍

കൊല്ലം: വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് കാരണക്കാരായ 18 പ്രതികളും പിടിയിലായി. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍, അല്‍ത്താഫ്, ഡാനിഷ്, ആദിത്യന്‍ എന്നിവരെയാണ് ഇന്ന് പോലീസ് പിടികൂടിയത്. കൊല്ലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ സിന്‍ജോയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ 11 പേര്‍ റിമാന്‍ഡിലാണ്.

സിദ്ധാര്‍ത്ഥന്‍റെ മരണം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആന്റി റാഗിങ് സെൽ പ്രതി ചേർക്കാത്ത ആറ് പേരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുഖ്യപ്രതികളില്‍ ഒരാളായ അഖില്‍, ആസിഫ് ഖാന്‍, അമല്‍ ഇഹ്‌സാന്‍, കെ അരുണ്‍, അമീന്‍ അക്ബർ അലി എന്നിവരെ പിടികൂടി. കോളജില്‍ സിദ്ധാര്‍ഥനെതിരെയുള്ള എല്ലാ ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ്ഐ യൂണിറ്റ്‌ ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ടി.പി ജയപ്രകാശ് പറഞ്ഞിരുന്നു. സംഭവത്തില്‍ സര്‍വകലാശാല ഡീനിനും പങ്കുള്ളതായി ജയപ്രകാശ് ആരോപിച്ചു.

ആന്റി റാഗിങ് സെൽ നടത്തിയ അന്വേഷണത്തില്‍ 31പേര്‍ സിദ്ധാര്‍ത്ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്. പ്രതികളായ 18 വിദ്യാര്‍ത്ഥികളെ കോളജ് സസ്‌പെൻഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാല വിസി ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്തും നൽകി.

അതിക്രൂരമായ ആള്‍കൂട്ട വിചാരണയും, ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥയും തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. മൂന്നുദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴികള്‍. ദേഹമാസകലം ബെൽറ്റ് കൊണ്ട് അടിച്ചതിന്റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top