സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ പിടിയില്‍; കാശിനാഥന്‍ കീഴടങ്ങി; രണ്ട് പേര്‍ ഒളിവില്‍

കൊല്ലം: ക്രൂര റാഗിങ്ങിനിരയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ കേസില്‍ പോലീസിറക്കിയ ലുക്കൗട്ട് നോട്ടീസിലെ രണ്ട് പേര്‍ പിടിയില്‍. മുഖ്യപ്രതികളായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചെന്ന ആരോപണമുള്ള പ്രതിയാണ് സിന്‍ജോ ജോണ്‍സണ്‍. കൊല്ലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അതേസമയം കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ 18 പ്രതികളാണുള്ളത്. നിലവില്‍ പതിനാറ് പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. രണ്ട് പേര്‍ ഒളിവിലാണ്. സൗദ് റിസാൽ, കാശിനാഥൻ, അജയകുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

പ്രതികളായ 18 വിദ്യാര്‍ത്ഥികൾക്കും സംഭവത്തിൽ പങ്കുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്കും മൂന്നുവർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കോട് വെറ്റിനറി കോളേജ് ആന്റി റാ​ഗിങ് കമ്മറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ എവിടെയും ഇവർക്ക് പഠനം തുടരാനാവില്ല.

ബിവിഎസ്സി രണ്ടാംവർഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തർക്കത്തെത്തുടർന്ന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും ആരോപണമുണ്ട്.

മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ മൊഴികള്‍. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top