സിദ്ധാർത്ഥന്റെ കുടുംബം ഗവർണറെ സമീപിക്കും; തെളിവ് ഇല്ലാതാക്കാൻ ശ്രമമെന്ന് ആരോപണം, സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജെ.എസ് സിദ്ധാർത്ഥന്റെ മരണത്തിൽ നീതി ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. സിബിഐ അന്വേഷണത്തിൽ പുരോഗതിയൊന്നും ഇല്ലാത്തതിനാൽ ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ഗവർണറെ ഉടനെ സമീപിക്കുമെന്ന് സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് സിദ്ധാർത്ഥൻ വിധേയനായെന്നാണ് വിവരം. ഇക്കഴിഞ്ഞ മാർച്ച് ഒൻപതിന് കേസിൽ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല.

സിബിഐ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ പോലീസും കേസ് അന്വേഷണത്തിൽ നിന്ന് പിന്മാറിയ സ്ഥിതിയാണ്. തൽക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കാനാണോ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആശങ്കയിലാണ് കുടുംബം. തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ട് സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരുടെ സസ്പെൻഷൻ വെറ്ററിനറി സർവകലാശാല വൈസ് ചാന്‍സലര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സൺ ഉൾപ്പെടെ 18 പ്രതികളും റിമാന്‍ഡില്‍ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top