‘സർക്കാർ അന്വേഷണം അട്ടിമറിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങും’; ആർഷോ ഉൾപ്പെടെ സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കാളിയെന്ന് ആരോപിച്ച് പിതാവ് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങുമെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കേരളാ പോലീസ് രേഖകൾ കൃത്യമായി സിബിഐക്ക് നൽകാതെ തെളിവ് നശിപ്പിച്ചെന്നും കുടുംബം ആരോപിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കും മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. “കഴിഞ്ഞ എട്ട് മാസമായി ആർഷോ വെറ്ററിനറി കോളജിൽ വന്നുപോകുന്നതായി സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. സിദ്ധാർത്ഥനെ ഇത്രയും ഉപദ്രവിച്ചത് ആർഷോ അറിഞ്ഞിരുന്നു. എസ്എഫ്ഐക്കാർക്ക് മാവോയിസ്റ്റ് രീതിയിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾക്ക് കേസിൽ പങ്കുണ്ട്. അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല കേസും എടുത്തിട്ടില്ല. എം.എം.മണിയുടെ ചിറകിന്റെ കീഴിൽ ഇരിക്കുന്ന അക്ഷയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെയാണ് സമരം തുടങ്ങുന്നത്”; ജയപ്രകാശ് പറഞ്ഞു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് പോലീസ് അന്വേഷണം നിർത്തിയതെങ്ങനെ എന്ന് കുടുംബം ചോദിച്ചു.

സിദ്ധാർത്ഥൻ മരിച്ച് നാൽപ്പത്തൊന്നു ദിവസം പിന്നിടുമ്പോഴും പ്രതികളിൽ പലരെയും അറസ്റ്റ് ചെയ്യാത്തത് തെളിവ് നശിപ്പിക്കാനും അവരെ സംരക്ഷിക്കാനുമാണെന്ന് ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥന്റെ അമ്മയുടെ ആരോഗ്യനില തൃപ്തികരമല്ല. ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ ക്ലിഫ് ഹൗസിന് മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്നും മകന് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ജയപ്രകാശ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് ഇരയായിരുന്നെന്ന് പോലീസും ആന്റി റാഗിങ് സ്‌ക്വാഡും കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top