സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ; അച്ഛൻ ജയപ്രകാശ് ഇന്ന് വയനാട് ക്യാമ്പ് ഓഫീസിൽ ഹാജരായി മൊഴി നൽകും

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അച്ഛൻ ടി. ജയപ്രകാശ് ഇന്ന് സിബിഐക്ക് മൊഴി നൽകും. വൈത്തിരി ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിൽ എത്തിയാണ് മൊഴി നൽകുന്നത്. മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. തന്റെ കൈവശമുള്ള തെളിവുകൾ സിബിഐക്ക് കൈമാറുമെന്ന് ജയപ്രകാശ് നേരത്തെ പറഞ്ഞിരുന്നു.

കേസിൽ സിബിഐ ഇന്നലെ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. കേസ് ഏറ്റെടുത്ത് മൂന്നാമത്തെ ദിവസമാണ് എഫ്‌ഐആർ സമർപ്പിച്ചത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ എഫ്‌ഐആർ നൽകിയത്. ഇരുപത്തൊന്ന് പേരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണം പുരോഗമിക്കുന്ന മുറയ്ക്കാകും കൂടുതൽ വകുപ്പുകൾ ചേർക്കുക.

മാര്‍ച്ച് 9ന് ആണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. എന്നാൽ 18 ദിവസത്തിന് ശേഷം മാർച്ച് 27നാണ് രേഖകൾ സിബിഐക്ക് കൈമാറിയത്. സർക്കാർ രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതാണ് സിബിഐ കേസ് ഏറ്റെടുക്കാൻ വൈകിയതെന്ന് കുടുംബം ആരോപിച്ചരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിർദ്ദേശവും നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായിരുന്നെന്ന് പോലീസും ആന്റി റാഗിംഗ് സ്‌ക്വാഡും കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top