എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വീണ വിജയന്റെ കമ്പനി

ബംഗലൂരൂ: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്‌ സൊല്യൂഷന്‍സ്. കമ്പനിക്കെതിരായ അന്വേഷണം തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വീണയ്ക്ക് വേണ്ടി കര്‍ണാടക ഹൈക്കോടതി അഭിഭാഷകന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയാണ് ഇന്ന് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരിനേയും എസ്എഫ്‌ഐഒ ഡയറക്ടറെയുമാണ് എതിര്‍കക്ഷികളായി ചേര്‍ത്തിരിക്കുന്നത്. കേസില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ സംഘം തയാറെടുക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

സിഎംആര്‍എല്ലും വീണയുടെ കമ്പനിയായ എക്‌സാലോജിക്‌ കമ്പനിയും തമ്മിലുള്ള ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നത് മാസപ്പടിയാണെന്നാണ് ഉയരുന്ന ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി സിഎംആര്‍എല്ലിലും പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലും എസ്എഫ്ഐഒ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്.

എക്‌സാലോജിക്‌ -സിഎംആര്‍ഇല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. പിന്നാലെ കരാറില്‍ ആര്‍ഒസിയും ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇതോടെയാണ് അന്വേഷണം കേന്ദ്രസര്‍ക്കാര്‍ എസ്എഫ്ഐഒയെ ഏല്‍പ്പിച്ചത്. കരാറുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കിയ സംഘം ഉടന്‍ തന്നെ എക്സാലോജിക്കിലേക്ക് എത്തുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.

ഭാര്യയുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയതെന്നും ഒരന്വേഷണത്തേയും ഭയക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിലടക്കം പറഞ്ഞിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top