മുണ്ടക്കൈയിൽ ജീവൻ്റെ സിഗ്നൽ; വീണ്ടും പ്രതീക്ഷ നൽകി റഡാർ പരിശോധന

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ദുരന്തഭൂമിയിൽ നാലാം ദിവസം വീണ്ടും ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. മുണ്ടക്കൈയിൽ നടത്തിയ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിലാണ് തകർന്ന വീടിന് അടിയിൽ നിന്നും ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്. ഇത് മനുഷ്യൻ്റെതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ഈ വീട്ടിൽ നിന്നും മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. ദുരന്തഭൂമിയിൽ നിന്നും റഡാർ സിഗ്നൽ ലഭിക്കുന്നത് ഇതാദ്യമാണ്.

കെട്ടിടം പകുതി തകര്‍ന്ന നിലയിൽ ഉള്ളതിനാൽ വളരെ സൂക്ഷ്മമായിട്ടാണ് പരിശോധന. സിഗ്നൽ ലഭിച്ചിടത്തുനിന്നും മാധ്യമ പ്രവർത്തകരെ അടക്കമുള്ള ആളുകളെ മാറ്റിയശേഷം സ്ഥലം കുഴിച്ച് തിരച്ചില്‍ നടത്തുകയാണ്. ലഭിച്ച സിഗ്നൽ മറ്റേതെങ്കിലും ജീവിയുടേതാകാമെന്നും പരിശോധനക്ക് ശേഷം മാത്രമേ അത് പറയാൻ കഴിയുകയുള്ളൂവെന്നും വിദഗ്ധർ പറഞ്ഞു. രണ്ടു ശക്തമായ സിഗ്നലുകളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്.

ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനക്ക് ശേഷമാണ് മുണ്ടക്കൈയിലെ ദൗത്യം ആരംഭിച്ചത്. ശ്വാസം, ചലനങ്ങള്‍ തുടങ്ങിയവ റഡാറില്‍ വ്യക്തമാകും. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ തകർന്ന കെട്ടിടങ്ങളിൽ ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് തെര്‍മല്‍ ഇമേജ് റഡാർ പരിശോധന നടത്തുന്നത്.

ഇന്ന് രാവിലെ സൈന്യം നടത്തിയ തിരച്ചിലിൽ പടവെട്ടിക്കുന്നിൽ നിന്നും 4 പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. കാഞ്ഞിരക്കത്തോട്ട് വീട്ടില്‍ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ദുരന്തത്തിന് ശേഷം പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ടുപോയ ഇവരെ ഹെലികോപ്റ്റർ സഹായത്തോടെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top