മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക; നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം; ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഭീഷണി
ഡല്‍ഹി: മണിപ്പൂര്‍ വംശീയകലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം കുക്കി- മെയ്തെയ് വിഭാഗങ്ങള്‍ക്കെതിരെ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി അമേരിക്കയുടെ വിദേശകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്ന് ബിബിസി ഓഫീസിലെ ആദായനികുതി റെയ്ഡ് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
മണിപ്പൂരിലെ വര്‍ഗീയസംഘര്‍ഷത്തിന് പിന്നാലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നവംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഏകദേശം 175 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മണിപ്പൂരിലെ മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളും കലാപം തടയാനും മാനുഷിക സഹായം നല്‍കാനും വൈകിയതില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനമുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങൾ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും യുഎന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മണിപ്പൂര്‍ കലാപം മാത്രമല്ല രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ബിബിസിയുടെ സാമ്പത്തിക ക്രമക്കേടുകളാണ് റെയ്ഡിന് കാരണമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഇതില്‍ ഒന്നും ഉൾപ്പെടാത്ത മാധ്യമപ്രവർത്തകരിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഉപകരണങ്ങൾ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മുതൽ ആക്രമണങ്ങൾ, പോലീസ് ചോദ്യം ചെയ്യലുകൾ, റെയ്ഡുകൾ, കെട്ടിച്ചമച്ച കേസുകൾ, നിയന്ത്രണങ്ങൾ എന്നിവ നേരിടുന്ന 35 മാധ്യമപ്രവർത്തകരെങ്കിലും ഇന്ത്യയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here