അരുണാചൽ–സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി; അരുണാചലില്‍ ബിജെപി മുന്നേറ്റം; സിക്കിമില്‍ എസ്കെഎം ലീഡ് ചെയ്യുന്നു
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണൽ പുരോഗമിക്കവേ സിക്കിമിൽ എസ്കെഎം 3 സീറ്റുകളിൽ മുന്നേറുന്നു. അരുണാചലിൽ ബിജെപി 19 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 32 അംഗ സിക്കിം നിയമസഭയിലേക്കും 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചത്.
സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ, മുന്‍ മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിങ് തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാർഥികള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.
2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. തുടര്‍ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അരുണാചലില്‍ 10 സീറ്റുകളില്‍ എതിരില്ലാതെ ബിജെപി സ്ഥാനാർഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here