അല്‍കാ യാഗ്നിക്കിന് കേള്‍വി പ്രശ്നം; ‘സെന്‍സറി ന്യൂറല്‍ നെര്‍വ് കണ്ടീഷന്‍’ സ്ഥിരീകരിച്ചു; സാന്ത്വനവുമായി സഹപ്രവര്‍ത്തകര്‍

തനിക്ക് അപൂര്‍വമായ കേൾവി രോഗം സ്ഥിരീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി ഗായിക അല്‍കാ യാഗ്‌നിക്ക്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പ്രശ്നം തിരിച്ചറിഞ്ഞത്. പെട്ടെന്ന് കേള്‍വിക്കുറവുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചതെന്ന് അൽക്ക സോഷ്യല്‍ മീഡിയയിൽ കുറിച്ചു.

ചെവിയുടെ ഉള്‍ഭാഗത്തെ ഞരമ്പിനോ, ചെവിയെ മസ്തിഷ്‌കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ ഒരു ചെവിയെയോ മറ്റ് ചിലപ്പോള്‍ രണ്ടു ചെവികളെയുമോ ബാധിക്കാം. പ്രായപൂര്‍ത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേള്‍വിക്കുറവിനു പിന്നില്‍ ഈ അപൂർവ്വ രോഗമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകള്‍, പ്രായാധിക്യം തുടങ്ങിയവയൊക്കെ രോഗകാരണമാകാം.

വിമാനത്തില്‍ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നും കേള്‍ക്കാതെയായത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. എല്ലാവരും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അല്‍കാ യാഗ്നിക് കുറിച്ചു. വളരെയുറക്കെ പാട്ടുകേള്‍ക്കുകയും ഹെഡ്‌ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കളായ തന്റെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും അല്‍ക പറയുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും തനിക്കുണ്ടാകണമെന്നും സോഷ്യല്‍ മീഡിയയില്‍ അല്‍ക കുറിച്ചു.

അല്‍കയുടെ രോഗവിവരം അറിഞ്ഞ് ആശ്വാസവാക്കുകളുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. താന്‍ നാട്ടിലില്ലെന്നും തിരിച്ചുവന്നാലുടന്‍ അല്‍കയെ സന്ദര്‍ശിക്കുമെന്നും ദൈവത്തിന്റെ സഹായത്തോടെ പെട്ടെന്ന് സുഖംപ്രാപിക്കാന്‍ കഴിയട്ടെയെന്നും ഗായകന്‍ സോനു നിഗം കുറിച്ചു. അല്‍ക്കയുടെ രോഗാവസ്ഥയെക്കുറിച്ചറിഞ്ഞതില്‍ വിഷമമുണ്ടെന്ന് നടി ഇള അരുണ്‍ പ്രതികരിച്ചു. ‘ഞാന്‍ താങ്കളുടെ ഫോട്ടോ കണ്ട് റിയാക്ഷന്‍ ഇട്ടശേഷമാണ് കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകര്‍ന്നുപോയി. പക്ഷേ ദൈവത്തിന്റെ അനുഗ്രഹവും വൈദ്യശാസ്ത്രത്തിന്റെ സഹായവും മൂലം അതിവേഗത്തില്‍ അല്‍ക്ക തിരിച്ചുവരും. ഞങ്ങള്‍ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേള്‍ക്കും.’ ഇള പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top