ഇന്ത്യയിലെ ഇടതിൻ്റെ ചിരിമായ്ച്ച ‘ബുദ്ധൻ’; ഭട്ടാചാര്യയുടെ വിടവാങ്ങൽ കേരളത്തെ ഓർമപ്പെടുത്തുന്നത്
ഇടതുപക്ഷത്തിൻ്റെ മുഖമായി അരനൂറ്റാണ്ടിലേറെ ആയി ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ വിടവാങ്ങി. ഒരു പതിറ്റാണ്ടിലേറെ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിൻ്റെ ഭരണകാലമാണ് ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിൻ്റെ ചരിത്രം രണ്ടായി തിരിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമായ സംസ്ഥാനത്ത് ബുദ്ധദേവിൻ്റെ ചില തെറ്റായ തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ഇടതുപ്രസ്ഥാനത്തിൻ്റെയും സിപിഎമ്മിൻ്റെയും ജാതകം മാറ്റിമറിച്ചു.
കേരളത്തിൽ അടുത്തിടെയും സർക്കാർ പദ്ധതികൾക്ക് എതിരായ പ്രതിഷേധങ്ങൾക്കിടയിലും ഉയർന്ന് കേട്ട പേരുകളാണ് നന്ദിഗ്രാമും സിംഗൂരും. ഇന്ത്യയിൽ പാർട്ടിക്ക് സ്വാധീനമുള്ള ഏക സ്ഥലമായ കേരളത്തിലും പാർട്ടി ഇടത് നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നു എന്ന വിമർശനം ശക്തമാകുമ്പോഴാണ് ബുദ്ധദേവ് ഭട്ടാചാര്യ എന്ന അതികായൻ്റെ വിടവാങ്ങൽ. വ്യവസായ വിപ്ലവത്തിനായി സ്വകാര്യ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ എന്ത് വഴിയും സ്വീകരിക്കാമെന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ നവലിബറൽ നയങ്ങളാണ് ബംഗാളിൽ ഇടതിൻ്റെ തകർച്ചക്ക് വഴിയൊരുക്കിയത് എന്നാണ് ബുദ്ധിജീവികൾ അടക്കം വിമർശനം ഉന്നയിക്കുന്നത്. തൊഴിലാളി സമരങ്ങളെയും ഹര്‍ത്താലുകളെയും പോലും അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞത് സിപിഎമ്മിൻ്റെ അടിത്തറയിളകാൻ കാരണമായി എന്നാണ് വിമർശനം. ഇടതു നയങ്ങളിൽ നിന്നും വ്യത്യചലിച്ച് കർഷകഭൂമി വ്യവസായ കുത്തകകൾക്ക് തീറെഴുതിയവൻ എന്ന വിമർശനം ബാക്കിവച്ചാണ് ബുദ്ധദേവ് ഭട്ടാചാര്യ വിട പറയുന്നത്.
അനാരോഗ്യത്തെ തുടർന്ന് ജ്യോതി ബസു പദവി ഒഴിഞ്ഞപ്പോഴാണ് ആരോഗ്യ മന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. പിന്നീട് ഒരു പതിറ്റാണ്ടിലേറെ അധികാരത്തിൽ തുടർന്ന അദ്ദേഹത്തിന്, പാർട്ടിക്കും മുന്നണിക്കും 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിൽ അധികാര തുടർച്ച നൽകാനായി. 2011ലെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ബംഗാൾ രാഷ്ട്രീയത്തിൽ നിന്ന് മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഇടതുപക്ഷം നിഷ്കാസിതരായി.
നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായികൾക്ക് വേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള 2007ലെ തീരുമാനമാണ് പിന്നീട് ബംഗാളിലെ പാർട്ടിയുടേയും മുന്നണിയുടേയും അടിവേരിളക്കിയത്. സിംഗൂരില്‍ ടാറ്റയുടെ നാനോ ഫാക്ടറിക്ക് വേണ്ടി 997 ഏക്കര്‍ ഭൂമിയും നന്ദിഗ്രാമില്‍ സലീം ഗ്രൂപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി 10,000 ഏക്കറും പതിച്ചു നൽകാനായിരുന്നു തീരുമാനം. ഇതിനെതിരെ ഘടകകക്ഷികൾ ഉയർത്തിയ എതിർപ്പ് പോലും ബുദ്ധദേവ് ചെവിക്കൊണ്ടില്ല. കൃഷിഭൂമി വ്യവസായികൾക്ക് പതിച്ചുനൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ആളിക്കത്തി. തുടർന്ന് 2007 മാർച്ച് 14ന് നന്ദിഗ്രാമിൽ സമരക്കാർക്ക് നേരെ നടന്ന പോലീസ് വെടിവെയ്‌പിൽ 14 പേർ കൊല്ലപ്പെട്ടു. സമാനമായ പ്രക്ഷോഭങ്ങൾ സിംഗൂരിലും അരങ്ങേറി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളിൽ ആകെ 27 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
കണക്കുകൂട്ടലുകൾ പിഴച്ചതോടെ ബുദ്ധദേവ് പദ്ധതി പിൻവലിച്ചെങ്കിലും സർക്കാരിനെതിരായ ജനവികാരം ശക്തമായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ വിജയിച്ച ഇടതുമുന്നണി 2009ൽ വെറും 15 സീറ്റിൽ ഒതുങ്ങി. 26 സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് അത്തവണ വിജയിക്കാനായത് 9 സീറ്റുകൾ മാത്രം. സംസ്ഥാനത്ത് ഒരു സീറ്റുണ്ടായിരുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 19 സീറ്റുകളിൽ വിജയിച്ചു. ഇത് ബംഗാളിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും സംഭവിക്കാൻ പോകുന്ന ദുരന്തത്തിൻ്റെ സൂചനയായിരുന്നു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടിയും മുന്നണിയും അതിദയനീയമായി തോറ്റു. 34 വർഷത്തെ ബംഗാളിലെ ഇടതുമുന്നണിയുടെ ഭരണത്തിന് അന്ത്യംകുറിച്ച 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ 10 മന്ത്രിമാർ പരാജയപ്പെട്ടു. അന്നുണ്ടായ തകർച്ചയിൽ നിന്നും കരകയറാൻ പിന്നീട് സിപിഎമ്മിനും ഇടതുമുന്നണിക്കും ആയില്ല. പിന്നീട് നടന്ന ലോക്സഭാ- പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ എല്ലാം തകർച്ചയുടെ ആഴം വർദ്ധിച്ചു. നിലവിൽ ബംഗാൾ നിയമസഭയിൽ സിപിഎമ്മും ഇടതുമുന്നണിയും വട്ടപൂജ്യമാണ്. ഇക്കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഒരാളെ പോലും വിജയിപ്പിക്കാനായില്ല.
ബംഗാളിൽ ഉണ്ടായ പരാജയം ഇന്ത്യയിലാകെ ഇടതുമുന്നണിയെ ബാധിച്ചു. ഒന്നാം യുപിഎ (2005-2009) സർക്കാരിൻ്റെ കാലത്ത് ഭരണം നിയന്ത്രിക്കാൻ കഴിയുന്ന നിർണായക ശക്തിയായിരുന്നു ഇടതുപക്ഷം. പുറത്തുനിന്ന് പിന്തുണ നൽകിക്കൊണ്ടുള്ള പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാരിൽ സ്വാധീനം ചെലുത്താൻ വേണ്ട ശക്തി സിപിഎമ്മിനും മുന്നണിക്കുമുണ്ടായി. 41 ലോക്സഭാ സീറ്റുകളുണ്ടായിരുന്ന ബംഗാളിൽ പാർട്ടി ക്ഷയിച്ചതോടെ ദേശീയ തലത്തിലുള്ള സ്വാധീനവും ദുർബലമായി. നിലവിൽ പാർലമെൻ്റിൽ ഇടതു മുന്നണിയുടേതായി ആറ് അംഗങ്ങൾ മാത്രമാണുള്ളത്.
പാർട്ടി തുടർച്ചയായി പരാജയങ്ങളുടെ പടുകുഴിയിൽ വീണതോടെ ബംഗാളിലെ ‘ഇടത് രാഷ്ട്രീയത്തിൻ്റെ അന്തകൻ’ എന്ന വിശേഷണവും ബുദ്ധദേവിന് വിമർശകർ ചാർത്തി നൽകി. താൻ പദ്ധതിയിട്ട വ്യവസായ വളർച്ച തിരിച്ചറിയാതെ പോയതും നന്ദിഗ്രാമിലെയും സിംഗൂരിലെയും പ്രാദേശിക നേതാക്കളുടെ ഇടപെടലുകളുമാണ് ഇടതുപക്ഷത്തിൻ്റെ തകർച്ചയിലേക്ക് നയിച്ചത് എന്നാണ് ബുദ്ധദേവ് ഇതിനെതിരെ പ്രതികരിച്ചത്. നന്ദിഗ്രാമിൽ പോലീസുകാരേക്കാൾ വെടിവയ്പ്പിന് ആവേശം പ്രാദേശിക നേതാക്കൾക്കായിരുന്നു. പോലീസിൻ്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങി നേതാക്കൾ വെടിവച്ച സംഭവങ്ങൾ വരെ ഉണ്ടായതായി ഭട്ടാചാര്യ പിന്നീട് വെളിപെടുത്തിയിരുന്നു. പോലീസിൻ്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങി നേതാക്കൾ വെടിവച്ച സംഭവങ്ങൾ വരെ ഉണ്ടായതായി ഭട്ടാചാര്യ പിന്നീട് വെളിപ്പെടുത്തിയിരുന്നു. “നന്ദിഗ്രാമിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു. അവിടുത്തെ യഥാർത്ഥ സാഹചര്യം ബോധ്യപ്പെട്ടിരുന്നുവെങ്കിൽ, ഞാൻ പോലീസിനെ അവിടേക്ക് അയയ്ക്കില്ലായിരുന്നു”- എന്നദ്ദേഹം പൊതുയോഗങ്ങളിൽ ഉൾപ്പെടെ പശ്ചാതപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here