നെടുമ്പാശ്ശേരിയിലെ ബേക്കറിയില്‍ എസ്ഐയുടെ പരാക്രമം; എസ്ഐ സുനിലിനെ സസ്‌പെൻഡ് ചെയ്തു, മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി

നെടുമ്പാശ്ശേരി: കരിയാടുള്ള കോഴിപ്പാട്ട് ബേക്കറിയിൽ എസ്ഐയുടെ പരാക്രമം. മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിക്കുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുനിലാണ് ബേക്കറിയിൽ അക്രമം നടത്തിയത്. ഡ്രൈവറും കൂടെ ഉണ്ടായിരുന്നു.
ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമണം എന്നാണ് കടയുടമ കുഞ്ഞുമോൻ പറയുന്നത്. കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ മകളും. ബേക്കറിയുടെ ഷട്ടർ അടയ്ക്കുന്നതിനിടെയാണ് പൊലീസ് കൺട്രോൾ റൂം വാഹനം കടയുടെ മുന്നിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ എസ്.ഐ. സുനിൽകുമാർ മുന്നിൽ കണ്ടവരെയെല്ലാം ചൂരൽ വടി കൊണ്ടടിച്ചു. ഒരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞ് മർദ്ദനം നടത്തി. ഓടിക്കൂടിയ നാട്ടുകാർ എസ്.ഐയെ തടഞ്ഞുവച്ചു. .
എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് ഇയ്യാളെ സസ്‌പെൻഡ് ചെയ്തുവെന്ന് എറണാകുളം റൂറൽ എസ് പി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here