‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ അടുത്തയാഴ്ച്ച പ്രദർശനത്തിനെത്തും, സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ

കൊച്ചി: കത്തോലിക്കാ സഭയിലെ ആദ്യ രക്തസാക്ഷിയായ കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെക്കുറിച്ച് നിർമ്മിച്ച ചലച്ചിത്രം അടുത്തയാഴ്ച്ച കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ എന്ന ചിത്രം.

16 സംസ്ഥാനങ്ങളിൽ നിന്നായി 150 താരങ്ങൾ ഈ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. മികച്ച നടിക്കുള്ള 2022ലെ സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയുടെ റോളിൽ അഭിനയിച്ചത്. ഒഡീഷയിൽ നിന്നുള്ള സോണാലി ആണ് സഹായിയുടെ വേഷം ചെയ്തിരിക്കുന്നത്. ആറു കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജിലെ അധ്യാപകനായ ഡോ. ഷൈസൺ. പി. ഔസേഫ്‌ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ ചിത്രം നിർമ്മിക്കുന്നതിന് അനുയോജ്യരായ നിർമ്മാതാക്കളെ കണ്ടെത്താൻ താൻ ഏറെ പാടുപെട്ടെന്നു ഷൈസൺ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക സഹായത്തിനായി താൻ സമീപിച്ച സഭാ അധികാരികൾപോലും മുഖം തിരിച്ചു. ഒരു കന്യാസ്ത്രീയുടെ ജീവിതത്തെക്കുറിച്ച് ചിത്രം നിർമ്മിക്കുന്നതിൽ ഇവർക്കാർക്കും താല്പര്യമുണ്ടായിരുന്നില്ലെന്നും ഷൈസൺ പറഞ്ഞു. ഇന്ത്യയിലും പുറത്തുമുള്ള തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് ചിത്രത്തിനായി പണം മുടക്കിയത്. ഹിന്ദിയിലാണ് ചിത്രം നിർമ്മിച്ചത്. പിന്നീട് മലയാളമടക്കമുള്ള മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റംചെയ്തു. ഷൈസൺ. പി. ഔസേഫിന്റെ ആദ്യ ചിത്രമാണിത്.

ഇൻഡോറിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചുവരുന്നകാലത്താണ് സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നത്. 1995 ൽ ബസിൽനിന്ന് വലിച്ചിറക്കി ഇവരെ സമാന്തർ സിംഗ് എന്ന വ്യക്തി കുത്തിക്കൊല്ലുകയായിരുന്നു. റാണി മരിയയുടെ കുടുംബം പിന്നീടിയാൾക്ക് മാപ്പുനൽകിയതിനെതുടർന്നു ജയിലിൽ നിന്ന് വിട്ടയച്ചു. അനിതരസാധാരണമായ ജീവിതം നയിച്ച സിസ്റ്ററിനെ പിന്നീട് സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top