രാമനും സീതയും വോട്ടു കൊണ്ടുവരില്ല മോദിജി; സീതാപൂരിലെ കോണ്‍ഗ്രസിന്റെ നേട്ടം ഒരു ചൂണ്ടുപലക; യുപിയില്‍ ബിജെപിയുടെ അടിവേരിളക്കിയ വിജയം

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 1980ലെ രൂപീകരണം മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും അയോധ്യയും ശ്രീരാമനും സീതയുമൊക്കെ മുഖ്യ തിരഞ്ഞെടുപ്പു വിഷയങ്ങളായിരുന്നു. ഇത്തവണയും ആ വിഷയങ്ങളിലൊന്നും മാറ്റം വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും തയ്യാറായിരുന്നില്ല. എന്നാല്‍ ഇതൊന്നും ഇത്തവണ ക്ലച്ച് പിടിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

മോദി ഭരണകാലത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന്റെ ഗുണഫലം കൊയ്യാമെന്ന അതിമോഹത്തിലായിരുന്നു നരേന്ദ്ര മോദി. പക്ഷേ, ആ മോഹങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. രാമക്ഷേത്രം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിലെ മത്സരം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ബിജെപിയുടെ സിറ്റിംഗ് എംപിയായ ലല്ലു സിംഗിനെ സമാജ്‌വാദി പാര്‍ട്ടി ( എസ്പി) യിലെ അവധേശ് പ്രസാദാണ് നേരിട്ടത്. ‘രാമനെ ഞങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ കൊണ്ടുവന്നില്ലേ, അതുകൊണ്ട് മോദിജിക്ക് 400 സീറ്റ് തരൂ’ എന്നായിരുന്നു ബിജെപിയുടെ പ്രചരണം. 400 സീറ്റ് വാങ്ങി ഭരണഘടന ഭേദഗതി ചെയ്ത് പാവങ്ങളുടെ ജീവിതം നരക തുല്യമാക്കുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് നമുക്കാവശ്യമെന്നുമായിരുന്നു അവധേശ് പ്രസാദ് ഈ പ്രചരണത്തിന് നല്‍കിയ മറുപടി. മതവും ജാതിയും കൊണ്ട് പട്ടിണി മാറ്റാനാവില്ലെന്നായിരുന്നു സോഷ്യലിസ്റ്റായ പ്രസാദിന്റെ പ്രധാന മുദ്രാവാക്യം. ഒടുവില്‍ 54567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനങ്ങള്‍ പ്രസാദിനെ വിജയിപ്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തി പ്രാപിച്ചിട്ടില്ല. അതേ, ശ്രീരാമന്റെ അനുഗ്രഹം പ്രതീക്ഷിച്ച പോലെ ബിജെപിക്ക് കിട്ടിയില്ലെന്നാണ് യുപിയിലെ മറ്റ് ഫലങ്ങളും തെളിയിക്കുന്നത്. ഫൈസാബാദ് എന്ന ജനറല്‍ സീറ്റില്‍ ദലിതനായ അവധേശ് പ്രസാദ് വിജയിച്ചതും ബിജെപിക്ക് ഇരുട്ടടിയായി.

അയോധ്യയിലെ രാമക്ഷേത്ര പരിസരത്തു നിന്ന് കേവലം 200 കിലോമീറ്റര്‍ അകലെയുള്ള മണ്ഡലമാണ് സീതാപൂര്‍. വനവാസ കാലത്ത് ശ്രീരാമന്‍ ഭാര്യ സീതാദേവിയുമൊത്ത് ഇവിടെ താമസിച്ചുവെന്നാണ് ഐതിഹ്യം. അയോധ്യ പോലെതന്നെ ബിജെപിക്ക് വൈകാരികമായ അടുപ്പമുള്ള പാര്‍ലമെന്റ് മണ്ഡലമാണ് സീതാപൂര്‍. എസ്പി – കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് അനുവദിച്ചു കിട്ടിയ മണ്ഡലമാണിത്. ബിജെപിയുടെ നെടുങ്കോട്ടകളിലൊന്നാണ് സീതാപൂരെന്ന് നിസ്സംശയം പറയാം. അവിടേക്ക് കടന്നു കയറുക അത്ര എളുപ്പമല്ലെന്ന് സാമാന്യം വേരോട്ടമുള്ള എസ്പിക്കറിയാം. മുതിര്‍ന്ന നേതാവും ആറ് വട്ടം എംഎല്‍എയുമായിരുന്ന നരേന്ദ്രവര്‍മ്മയെ മത്സരിപ്പിക്കാനായിരുന്നു ആദ്യം എസ്പിയുടെ തീരുമാനം. പാര്‍ട്ടി ചെയര്‍മാന്‍ അഖിലേഷ് യാദവ് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടു പോലും നരേന്ദ്രവര്‍മ്മ വഴങ്ങിയില്ല. അങ്ങനെ പല എസ്പി നേതാക്കളേയും സമീപിച്ചിട്ടും ആര്‍ക്കും ഇവിടുത്തെ സ്ഥാനാര്‍ത്ഥിത്വം വേണ്ട. ഒടുവിലാണ് സീറ്റ് കോണ്‍ഗ്രസിന്റെ തലയില്‍ വച്ച് അഖിലേഷ് തടിയൂരിയത്.

കോണ്‍ഗ്രസിനും പറ്റിയ സ്ഥാനാര്‍ത്ഥികളില്ലാത്ത ഗതികേടിലായിരുന്നു. ബിഎസ്പിയിലെ മുന്‍ മന്ത്രിയായ നകുല്‍ ദുബെയ്ക്ക് സീറ്റ് ഓഫര്‍ ചെയ്‌തെങ്കിലും അദ്ദേഹവും വഴങ്ങിയില്ല. ഇങ്ങനെ ആര്‍ക്കും വേണ്ടാത്ത ഘട്ടത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒബിസി വിഭാഗത്തില്‍ പെട്ട ‘തെലി’ സമുദായാംഗമായ രാജേഷ് റാത്തോറിനെ സമീപിച്ചത്. പ്രചരണം തുടങ്ങിയതോടെ ഒബിസി, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ സുനാമി പോലെ രാജേഷ് റാത്തോറിന്റെ പിന്നിലും ഇന്‍ഡ്യാ സഖ്യത്തിലുമായി അണിചേര്‍ന്നു. പിന്നീട് നടന്നതെല്ലാം പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ എന്ന പോലെയായി. ഈ ആള്‍ക്കൂട്ടവും ജനപിന്തുണയും കണ്ടപ്പോള്‍ എസ്പി ആദ്യം സീറ്റ് ഓഫര്‍ ചെയ്ത നരേന്ദ്ര വര്‍മ്മ കുമ്പസാരം പോലെ ചില നേതാക്കളോട് ഇങ്ങനെ പറഞ്ഞത്രേ – ‘എന്റെ ജീവിതത്തിലെ ആന മണ്ടത്തരമാണ് ഞാന്‍ ചെയ്തത്. ബിജെപിക്കെതിരെ പിന്നാക്ക വിഭാഗങ്ങള്‍ സംഘടിതമായാണ് ഇന്ത്യാ സഖ്യത്തോട് ചേര്‍ന്നു നിന്നത്’. മധ്യ- കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങള്‍ മുഴുവന്‍ ഇന്‍ഡ്യാ സഖ്യത്തിനൊപ്പം ഒഴുകി വരുന്ന കാഴ്ചയാണ് ജൂണ്‍ നാലിന് കണ്ടത്.

ആരുമറിയാത്ത, അപ്രധാനിയായ രാജേഷ് റാത്തോറിന് 531138 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിയുടെ അതികായനായ രാജേഷ് വര്‍മ്മക്ക് 441497 വോട്ട് നേടാനെ കഴിഞ്ഞുള്ളു. റാത്തോറിന്റെ ഭൂരിപക്ഷം 89641. രാജ്യത്തെ ജനങ്ങളെ മതവും ജാതിയും പ്രാദേശികതയും, കപട രാജ്യസ്‌നേഹവും പറഞ്ഞ് കബളിപ്പിക്കാനാവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കൗണ്ടിംഗിന്റെ ഒരു ഘട്ടത്തില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ വരാന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top