വെട്ടിലായി സിപിഎമ്മും ഇടത് പക്ഷവും; ദേവഗൗഡ ജെഡിഎസിൽ നടക്കുന്നത് പോലും അറിയുന്നില്ല: സീതാറാം യെച്ചൂരി

ഇതോടൊപ്പം: മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജനതാദൾ എസ് ബിജെപിയിൽ ചേർന്നത് എന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതിരോധത്തിലായി സിപിഎമ്മും ഇടത് മുന്നണിയും. ജെഡിഎസ് ദേശീയ അധ്യക്ഷന്റെ പരാമർശങ്ങൾക്കെതിരെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ദേവഗൗഡയുടെ പ്രസ്താവനയെ പൂർണമായും തള്ളിക്കൊണ്ടാണ് സിപിഎം-ഇടത് നേതാക്കൾ മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിരോധം തീർക്കുന്നത്

ദേവഗൗഡയുടെ പരാമർശം പരിഹാസ്യമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പിണറായി വിജയനെ കുറിച്ച് പറഞ്ഞത് തെറ്റായ കാര്യമാണെന്നും ജെഡിഎസ് കേരളഘടകം ഒറ്റക്കെട്ടായി എന്‍ഡിഎയില്‍ ചേരില്ലെന്ന് തീരുമാനമെടുത്തുവെന്നും യെച്ചൂരി അറിയിച്ചു. അതുകൊണ്ടാണ് ജെഡിഎസ് എല്‍ഡിഎഫില്‍ തുടരുന്നത്. എന്നാല്‍ ജെഡിഎസില്‍ നടക്കുന്നത് ദേവഗൗഡ പോലും അറിയുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

പ്രായാധിക്യം മൂലമോ തെറ്റിദ്ധാരണ മൂലമോ ആണ് ദേവഗൗഡയുടെ ഈ പ്രസ്താവനയെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല. മന്ത്രി കെ കൃഷ്ണൻ കുട്ടിയും താനുമാണ് ദേശീയ പ്രസിഡന്റിനെ കണ്ടത്, കേരള രാഷ്ട്രീയത്തിൽ നിരവധി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്. ദേവഗൗഡയുടെ ഈ പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്നും മാത്യു ടി തോമസ് പറഞ്ഞു.

അതേ സമയം, ജെഡിഎസിന്റെ ബിജെപി സഖ്യം എല്‍ഡിഎഫ് അറിഞ്ഞെന്ന ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ് സംസ്ഥാന നേതാവായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ജെഡിഎസിനെ ബിജെപി പാളയത്തില്‍ എത്തിച്ചത് ദേവഗൗഡയുടെ മാത്രം തീരുമാനപ്രകാരം. മുഖ്യമന്ത്രിക്കോ എല്‍ഡിഎഫിനോ ഇക്കാര്യത്തില്‍ ഒരു അറിവും ഇല്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ജെഡിഎസിനെ ബിജെപി പാളയത്തില്‍ എത്തിച്ചത് ദേവഗൗഡയുടെ തീരുമാന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ സമ്മതത്തോടെയാണ് ജനതാദൾ എസ് ബിജെപിയിലേക്ക് ചേക്കേറിയതെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ല്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യം എല്ലാവര്‍ക്കും ഓര്‍മ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top