യെച്ചൂരിക്ക് രാജ്യം ഇന്ന് വിട ചൊല്ലും; പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം എയിംസിന് കൈമാറും
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് വിട ചൊല്ലും. യെച്ചൂരിയുടെ ഡല്‍ഹിയിലുള്ള വസതിയിൽ എത്തിച്ച മൃതദേഹം രാവിലെ പതിനൊന്ന് മണിക്ക് പാര്‍ട്ടി ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പൊതുദര്‍ശനം. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. എകെജി സെൻ്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി പതിനാല് അശോക് റോഡ് വരെ കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് യെച്ചൂരിയുടെ മരണം. എയിംസിൽ നിന്നു മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം ഇന്നലെ വൈകിട്ട് ജെഎൻയു ക്യാംപസിലേക്ക് കൊണ്ടുവന്നു. അതിന് ശേഷമാണ് ഡല്‍ഹിയിലെ വസതിയില്‍ എത്തിച്ചത്.
2015ൽ വിശാഖപട്ടണം 21-ാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറി ആയത്. തുടര്‍ച്ചയായി മൂന്ന് തവണയും യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടര്‍ന്നു. 2005 മുതൽ 2018 വരെ രണ്ട് ടേമിൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ശബ്‌ദമായിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യനായ രാഷ്ട്രീയ നേതാവായിരുന്നു യെച്ചൂരി. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ നടുക്കമായി മാറി. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഭൗതിക ശരീരം പഠനത്തിന് എയിംസിന് നൽകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here