അമൃത സ്നാനത്തിന് മാത്രം എത്തിയത് ആറ് കോടി ഭക്തർ; ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനത്തിൽ ഇതുവരെ പങ്കെടുത്തത് 25 കോടി
![](https://www.madhyamasyndicate.com/wp-content/uploads/2025/01/mumbh-11-1.jpg)
മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അമൃത് സ്നാനിന് എത്തിയത് 5.7 കോടിയിൽ അധികം ആളുകൾ. ഇതോടെ മഹാകുംഭമേളയിൽ പങ്കെടുത്തവരുടെ ആകെ എണ്ണം 25 കോടി പിന്നിട്ടു. ഇന്നലെവരെ ഏകദേശം 19.94 കോടി ആളുകളാണ് ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനത്തിൻ്റെ ഭാഗമായത്. ഉത്തർപ്രദേശ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻ്റ് ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ പ്രയാഗ് രാജിൽ ഉണ്ടായ തിക്കിലും തിരക്കിലും അമൃത സ്നാനിന് എത്തിയ 20 പേർ മരിച്ചിരുന്നു. തുടർന്ന് ആളുകളോട് വീടിനടുത്തുള്ള ഗംഗാ നദിയിൽ സ്നാനം ചെയ്യാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിതമായ തിരക്ക് പരിഗണിച്ച് ആരും ത്രിവേണി സംഗമസ്ഥാനത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. എന്നിട്ടും അഭൂതപൂർവ്വമായ തിരക്കാണ് ഉണ്ടായത്.
പ്രയാഗ് രാജിലെ ഗംഗ, യമുന സരസ്വതി നദികളുടെ സംഗമസ്ഥാനത്താണ് മഹാകുംഭമേള നടക്കുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം 12 വർഷത്തിലൊരിക്കൽ നടത്തി വരുന്ന കുംഭമേളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 144 വർഷ വർഷത്തിലൊരിക്കലാണ് മഹാകുംഭ മേള നടക്കുന്നത്. ഈ മാസം 13ന് ആരംഭിച്ച ചടങ്ങുകൾ ഫെബ്രുവരി 26 ന് അവസാനിക്കും.
മൗനി അമാവാസിയിലെ അമൃത് സ്‌നാനം മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ‘സന്യാസി, ബൈരാഗി, ഉദസീന്‍’ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്. ഏകദേശം 15 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന സംഗമതീരത്താണ് ചടങ്ങുകൾ നടക്കുന്നത്.
മൗനി അമാവാസി സ്നാനത്തിനായി പ്രയാഗ്‌രാജ് വൻ ഭക്തജന ഒത്തുചേരലിന് സാക്ഷ്യം വഹിക്കുന്നു.
— PIB in KERALA (@PIBTvpm) January 29, 2025
പുണ്യമായ #MahaKumbh2025 ന്റെ ഡ്രോൺ ദൃശ്യങ്ങൾ കാണുക ✨#Mahakumbh pic.twitter.com/iIvvYd7E6w
ഹിന്ദു മതഗ്രന്ഥങ്ങളിൽ കുംഭമേളയേയും മഹാകുംഭമേളയേയും കുറിച്ച് ഒട്ടനവധി വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. കുംഭമേള ഓരോ 12 വർഷത്തിലും രാജ്യത്തെ നാല് സ്ഥലങ്ങളിൽ നടത്തുന്നു. പ്രയാഗ്‌രാജ്, ഉജ്ജയിനി, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം 144 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമണ് നടക്കുന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here