ഒരു മാസത്തിനിടയിൽ ജീവനൊടുക്കിയത് ആറ് പേർ; വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

കല്പറ്റ: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടർക്കഥയാവുന്നു. ഒരു മാസത്തിനിടയിൽ ആറ് കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. കടബാധ്യത കാരണം വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. തിരുനെല്ലി അപ്പപ്പാറയിൽ എളമ്പിലാശ്ശേരി ഇ.എസ്. സുധാകരനാണ് മരിച്ചത്. വിഷം കഴിച്ചതിന് ശേഷം വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കടബാധ്യത കാരണമാണ് സുധാകരൻ ജീവനൊടുക്കിയതെന്ന് മകൻ സത്യൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

സർവീസ് സഹകരണ ബാങ്കിൽ നിന്നും അഞ്ചര ലക്ഷം രൂപ സുധാകരൻ ലോണെടുത്തിരുന്നു. ഇതിൽ രണ്ട് ലക്ഷം രൂപ കടാശ്വാസ കമ്മീഷൻ എഴുതിത്തള്ളി. ബാക്കിയുള്ള തുക ജനുവരിക്ക് മുമ്പ് തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുള്ള സ്വകാര്യ വ്യക്തികളിൽ നിന്നും സുധാകരൻ വായ്പ വാങ്ങിയിരുന്നു. കടം തീർക്കാനായി സുധാകരൻ വീട് വിൽക്കാൻ ശ്രമിച്ചിരുന്നു. വനത്തോട് ചേർന്നുള്ള വീടായതിനാൽ വിൽപന ശ്രമങ്ങൾ തടസപ്പെട്ടു. കടബാധ്യതകൾ തീർക്കാൻ മറ്റൊരു വഴിയുമില്ലാതെയാണ് സുധാകരൻ ആത്മഹത്യ ചെയ്തതെന്ന് സത്യൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അതേസമയം, കടബാധ്യതകൾ കാരണം കഴിഞ്ഞ മാസം മാനന്തവാടിയിൽ കല്ലോടി പറപ്പള്ളിയിൽ ജോയി തോമസ് എന്ന കർഷകനും തൂങ്ങി മരിച്ചിരുന്നു. കടബാധ്യത മൂലം ക്ഷീര കർഷകനായ തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രദേശത്തെ നാലു ബാങ്കുകളിൽ നിന്ന് ഇദ്ദേഹം ലോൺ എടുത്തിരുന്നു.

കഴിഞ്ഞമാസം കഴിഞ്ഞ മാസം കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്ത് വലിയ ചർച്ചയായിരുന്നു. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കൃഷി ആവശ്യത്തിനുള്ള വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ നൽകിയില്ല. ഇതിൽ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

നവംബർ മാസത്തിൽ പാലക്കാട് ചിറ്റൂരിലും നെൽകർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത്. വിളവെടുക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ. ബാങ്കിൽ നിന്നും വായ്പയെടുത്തും സ്വർണം പണയം വച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. വിളവെടുക്കാൻ കഴിയാതെ വന്നതോടെ കനത്ത നഷ്ടമുണ്ടാകുമെന്ന ഭയത്തിലാണ് കർഷകൻ ജീവനൊടുക്കിയത്.

കഴിഞ്ഞ മാസം സഹകരണ ബാങ്കിലെ ലോൺ തുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിലും കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. അരിക്കുളം കുരിടിമുക്ക് സ്വദേശി കെ.കെ.വേലായുധനാണ് മരിച്ചത്. എട്ട് ലക്ഷം രൂപ വേലായുധൻ ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നോട്ടീസയച്ചതിന് പിന്നാലെയാണ് വേലായുധൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ സുബ്രഹ്‌മണ്യൻ എന്ന കർഷകനും നവംബറിൽ വാടക വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിച്ച് വാടക വീട്ടിൽ താമസിക്കുകയായിരുന്നു അദ്ദേഹം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top