ആകാശപാതക്കായി കോട്ടയത്തുകാര്‍ കാത്തിരിക്കേണ്ട; പണം അനുവദിക്കില്ലെന്ന് ഗണേഷ് കുമാര്‍

കോട്ടയം നഗരത്തില്‍ ശീമാട്ടി ജംഗ്ഷനിലെ ഗതാഗത തിരക്കില്‍ ബുദ്ധിമുട്ടുന്ന കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരത്തിന് ഒരു സംവിധാനം എന്ന നിലയിലാണ് ആകാശപാത പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ കോടികള്‍ കുഴിച്ചിട്ട ഈ പദ്ധതി തുടരാനാകില്ലെന്നാണ് ഗതാഗതമന്ത്രി കെബി ഗണേഷ്‌ കുമാര്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷങ്ങളായി വീണ്ടുവിചാരമില്ലാത്ത പദ്ധതിയുടെ ഓര്‍മ്മപ്പെടുത്തലായി കോട്ടയം നഗരത്തില്‍ നിവര്‍ന്ന് നില്‍ക്കുന്ന ഇരുമ്പ് തൂണുകള്‍ പൊളിച്ചു മാറ്റപ്പെടും എന്ന് ഉറപ്പായിട്ടുണ്ട്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ 2015ലാണ് വലിയ പ്രഖ്യാപനങ്ങളുമായി പദ്ധതി തുടങ്ങിയത്. അഞ്ച് റോഡുകള്‍ ഒരുമിക്കുന്ന ജംഗ്ഷനിലെ നാലിടത്ത് നിന്നും കാല്‍നട യാത്രക്കാര്‍ക്ക് ആകാശ പാതയിലൂടെ റോഡ് മുറിച്ചുകടക്കാം. 3 എസ്‌കലേറ്ററുകള്‍, മുകളില്‍ ഭക്ഷണശാല, സെമിനാര്‍ ഹാള്‍, വിശ്രമകേന്ദ്രം, അക്വേറിയം വരെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. അഞ്ചേകാല്‍ കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച് നിര്‍മ്മാണനവും തുടങ്ങി. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കിറ്റ്‌കോയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.

Also Read : ആകാശപാത കോട്ടയത്തിൻ്റെ ദുഖമെന്ന് തിരുവഞ്ചൂർ; പരിഹസിച്ച് ഗതാഗതമന്ത്രി

അങ്ങനെ 14 തൂണുകളിലായി ആകാശപാത നിര്‍മ്മാണം തുടങ്ങി. ആറ് മീറ്റര്‍ ഉയരമുളള തൂണുകള്‍ സ്ഥാപിച്ചു. ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ റാൗണ്ടിന് അകത്തുള്ള തൂണുകളും പുറത്തുള്ള ഒരു തൂണും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാതെ വന്നു. ഇത് നിര്‍മ്മാണത്തിലെ അപാകതയാണെന്നും സമീപത്തെ സിഎസ്‌ഐ സഭ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാത്തതു കൊണ്ട് ഉണ്ടായ പ്രശ്‌നമാണെന്നെല്ലാം അഭിപ്രായമുണ്ടായി. പുറത്തായ തൂണിന് താങ്ങുവച്ച് വെല്‍ഡ് ചെയ്ത് അഡജസ്റ്റ് ചെയ്‌തെങ്കിലും നിര്‍മ്മാണം അതോടെ നിലച്ചു.

തുടര്‍ന്നിങ്ങോട്ട് 8 വര്‍ഷമായി കോട്ടയം നഗരത്തില്‍ ഈ തൂണുകളും അതിനു മുകളിലായി കുറച്ച് ഇരുമ്പ് പൈപ്പുകളും വെയിലും മഴയുമേറ്റ് നില്‍ക്കുകയാണ്. രാഷ്ട്രീയ അഴിമതിയുടെ സ്മാരകമായി എല്ലാ തിരഞ്ഞെടുപ്പിലും ഈ വിഷയം ഉയരുമെന്ന് മാത്രം. സര്‍ക്കാരുകള്‍ മാറുമ്പോള്‍ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പദ്ധതി പൂര്‍ത്തിയാക്കണെന്ന് ആവശ്യം ഉയര്‍ത്തും. യോഗങ്ങള്‍ ചേരും അത്രമാത്രം. അതിനപ്പുറം ഒന്നും ഉണ്ടായില്ല.

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യം ഗതാഗതമന്ത്രിയായ ആന്റണി രാജു പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പതിവുപോലെ ഒന്നും ഉണ്ടായില്ല. ആന്റണി രാജുവിന് ശേഷം ഗണേഷ്‌ കുമാര്‍ മന്ത്രിയായതോടെയാണ് ഈ പദ്ധതിയുമായി തിരുവഞ്ചൂര്‍ വീണ്ടും രംഗത്തെത്തിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കൃത്യമായ മറുപടിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 17.58 കോടി രൂപ ഇനിയും ചിലവഴിക്കണം. ഇത്രയും തുക ചിലവഴിച്ച് നിര്‍മ്മിച്ചാലും പിന്നീട് പൊളിച്ചു നീക്കേണ്ടി വരും. അതിനാല്‍ ഇനി തുക ചെലവഴിക്കാന്‍ കഴിയില്ല. ചെയ്യാന്‍ പാടില്ലാത്ത വര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തല്‍ക്കാലം തടിയൂരുകയാണ് തിരുവഞ്ചൂര്‍ ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ തിരുവഞ്ചൂര്‍ ഏറെ പരിഹാസം കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും ഈ പദ്ധതിയുടെ പേരിലാണ്. ഇതിലൊരു പരിഹാരം തിരുവഞ്ചൂരിന്റെ ആഗ്രഹമാണ്. ഇത് പൊളിച്ചു കളയാം എന്ന് തീരുമാനിച്ചാല്‍ ഖജനാവില്‍ നിന്നും ഇതിനായി ചിലവഴിച്ച കോടികള്‍ക്ക് ആര് സമാധാനം പറയും എന്നതില്‍ മാത്രം ഉത്തരമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here