പുകവലിച്ചാൽ നിൽക്കും; ടോയ്‌ലറ്റിലും സെൻസർ; വന്ദേ ഭാരതിൽ മാത്രമല്ല ഈ സംവിധാനമെന്ന് റെയിൽവേ
തിരുവനന്തപുരം: തീവണ്ടിക്കുള്ളിലെ ടോയ്‌ലറ്റിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് നിൽക്കും. സംസ്ഥാനത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇത് കാരണം നിന്നത്. യാത്രക്കാർ പുകവലിച്ചത് കാരണം തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് യാത്രക്കിടയിൽ അപ്രതീക്ഷിതമായി നിന്നത്. ടോയ്‌ലറ്റിനുള്ളിലെ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസർ പ്രവർത്തിച്ചതാണ് തീവണ്ടി നിൽക്കാൻ കാരണം. പുകവലിച്ചവരിൽനിന്ന് റെയിൽവേ പിഴയീടാക്കി.
വന്ദേഭാരത് എക്സ്പ്രസിൽ കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയ്ലറ്റ് എന്നിവടങ്ങളിൽ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുണ്ട്. പുകയുടെ നിശ്ചിത അളവ് സെൻസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ പുക കണ്ടാൽ സെൻസർ പ്രവർത്തിക്കുകയും ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങുകയും ചെയ്യും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ വണ്ടി നിർത്തണമെന്നാണ് നിയമം.
തുടർന്ന് റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ പുകയുടെ ഉറവിടം കണ്ടെത്തി തീയില്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തിയാൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യുകയുള്ളു. നിലവിൽ എൽഎച്ച്ബി തീവണ്ടികളിലെ എസി കോച്ചുകളിലും ഈ സംവിധാനമുണ്ട്. യാത്രക്കാരൻ ടോയ്‌ലറ്റിനുള്ളിൽ പുകവലിച്ചത് കാരണം നേത്രാവതി എക്സ്പ്രസും അടുത്തിടെ നിന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here