നാഗങ്ങള്‍ കാക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിധി! മൂല്യനിര്‍ണയ സമിതിയുടെ നിലപാട് നിര്‍ണായകം

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു. 46 വർഷങ്ങൾക്കുശേഷമാണ് ഭാണ്ഡാരം തുറന്നത്. രത്ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. കാലപ്പഴക്കം കാരണം അറകൾ ചാവി ഉപയോഗിച്ച് തുറക്കാനായില്ലെന്നും പൂട്ട് പൊളിച്ചാണ് തുറന്നതെന്നും ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്ത് പറഞ്ഞു. ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താൻ റാത്തിന്റെ അധ്യക്ഷതയിലാണ് 11 അംഗങ്ങളടങ്ങിയ ഉന്നതതല സമിതിയെ രൂപവത്കരിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയിൽ അമൂല്യമായ രത്ന ശേഖരമാണുള്ളത്. ഇവയ്ക്ക് നാഗങ്ങൾ കാവൽ നിൽക്കുന്നുവെന്നാണ് വിശ്വാസം. എന്നാൽ, ഇത്തരം കെട്ടുകഥകൾ ജസ്റ്റിസ് ബിശ്വനാഥ് റാത്ത് തള്ളിക്കളഞ്ഞു. നിലവറയ്ക്കുള്ളിൽ പാമ്പുകളെയൊന്നും കണ്ടില്ലായിരുന്നു. ഞങ്ങളുടെ ടീമിൽ ക്ഷേത്ര ഭരണസമിതിയിലെ ഏഴ് മുതൽ എട്ട് വരെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽതന്നെ കൂടുതൽ പരിശോധനയ്ക്കും ആഭരണങ്ങൾ മാറ്റുന്നതിനും വേണ്ടത്ര സമയം ലഭിച്ചില്ല. അതിനാൽ ദേവന്മാരുടെ ആഭരണങ്ങളും വിലയേറിയ കല്ലുകളും മാറ്റുന്നതിന് മറ്റൊരു തീയതി നിശ്ചയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഒഡീഷയിൽ അധികാരത്തിലെത്തിയാൽ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. ക്ഷേത്രത്തിലെ മൂന്ന് ദേവതകളുടേയും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമാണ് രത്ന ഭണ്ഡാരത്തിലുള്ളത്. 128 കിലോ സ്വർണ്ണവും 222 കിലോ വെളളിയും മറ്റ് രത്ന ശേഖരങ്ങളും ഭണ്ഡാരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണ നാണയങ്ങളും വ്യത്യസ്ത സ്വർണ മുദ്രകളും വെള്ളി നാണയങ്ങളും ചെമ്പു നാണയങ്ങളും ഭണ്ഡാരത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top