ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; സമയക്കുറവെന്ന് സുപ്രീംകോടതി, മാറ്റിവെക്കുന്നത് 36-ാം തവണ

ഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീംകോടതി പരിഗണിച്ചില്ല. കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കാരണമാണ് മാറ്റിവെച്ചതെന്ന് കോടതി അറിയിച്ചു. 2017ല്‍ സുപ്രീംകോടതിയില്‍ എത്തിയ കേസ് ഇത്തവണയും കൂടി ചേര്‍ത്ത് 36 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭൂവിയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് മാറ്റിവെച്ചത്. കഴിഞ്ഞ മാസം കേസ് പരിഗണയിലെത്തിയെങ്കിലും സിബിഐക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു മറ്റു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
2006 മാർച്ച് ഒന്നിനാണ് എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2006 ഡിസംബർ നാലിന്, ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വി എസ് സർക്കാർ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂൺ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.
2013 നവംബർ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബർ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹർജി നൽകി.
2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റ് 27 മുതൽ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സിബിഐ അഭ്യർത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here