ലാവലിൻ കേസ് പതിവുപോലെ; വീണ്ടും മാറ്റിവച്ച് സുപ്രീംകോടതി; അടുത്ത തീയതി മെയ് 1

ഡല്‍ഹി: എസ്‌എന്‍സി ലാവലിൻ കേസ് 38–ാം തവണയും മാറ്റിവെച്ചു. രണ്ടുമാസത്തിന് ശേഷം മെയ് ഒന്നിന് പരിഗണിക്കാനായാണ് മാറ്റിയത്. കക്ഷികളിൽ ചിലരുടെ അഭിഭാഷകർക്ക് സീനിയർ പദവി ലഭിച്ചിരുന്നു. അവർക്ക് വക്കാലത്ത് മാറ്റിനൽകാനുള്ള സാവകാശം വേണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് പരിഗണനയിൽ ഇരിക്കുന്നത്. വിചാരണ നേരിടണമെന്ന് കോടതി വിധിച്ചതിനെതിരെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലും ഉണ്ട്.
അതേസമയം 30 തവണയിലധികം കേസ് മാറ്റിവെച്ചിട്ടുണ്ടെന്നും ഇനിയും നീട്ടാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി കെപിസിസി മുൻ അധ്യക്ഷന്‍ വി.എം.സുധീരന്‍ ഹർജി ഫയൽ ചെയ്തിരുന്നു. കേസിൽ സിബിഐക്ക് താൽപര്യം നഷ്ടപ്പെട്ടുവെന്ന് സുധീരന് വേണ്ടി ഹാജരായ അഡ്വ. ദേവദത്ത് കാമത്ത് ആരോപിച്ചു. എന്നാൽ സിബിഐ വളരെ ഗൗരവമയാണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞാൽ ഏത് സമയത്തും വാദിക്കാൻ തയ്യാറാണെന്നും സിബിഐ കോടതിയിൽ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here