വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എന്‍ഡിപി യോഗം പൊതുട്രസ്റ്റാണെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ
എസ്എന്‍ഡിപി യോഗം പൊതുട്രസ്റ്റാണെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. എസ്എന്‍ഡിപി യോഗവും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ തുടര്‍ച്ചയാണ് എസ്എന്‍ഡിപി യോഗം എന്നായിരുന്നു വിചാരണക്കോടതിയും ഹൈക്കോടതിയും കണ്ടെത്തിയത്. ക്ഷേത്രയോഗം പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയതിനാല്‍ എസ്എന്‍ഡിപി യോഗവും പൊതു ട്രസ്റ്റാണെന്ന് ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ചുള്ള നിയമാവലി പ്രകാരമുള്ള സ്‌കീം തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ തുടര്‍ച്ചയാണ് എസ്എന്‍ഡിപി യോഗം എന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതെയാണ് ഹൈക്കോടതി വിധി എന്നായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചത്. ഇന്ത്യന്‍ കമ്പനി നിയമപ്രകാരം എസ്എന്‍ഡിപി യോഗം രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളും രേഖകളും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതുപരിഗണിച്ചാണ് വിഷയം വിശദമായി കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here