സോഷ്യല്‍ മീഡിയയിലൂടെ വശത്താക്കുന്നത് സമ്പന്ന യുവതികളെ; പീഡനം,പണം തട്ടല്‍; പ്രതി പിടിയില്‍
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതികളെ പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത വീരന്‍ അറസ്റ്റിലായി. കോട്ടയം കൊടുങ്ങല്ലൂര്‍ കൃഷ്ണരാജാണ് (24) അറസ്റ്റിലായത്. ആറ്റിങ്ങല്‍ മുദാക്കല്‍ വാളക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. യുവാക്കള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നല്കാമെന്ന് പറഞ്ഞും സിനിമകളില്‍ അവസരം നല്കാമെന്ന് പറഞ്ഞും പണം തട്ടിയിട്ടുണ്ട്.
സമ്പന്നകുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്‍ നോട്ടുമിടുന്നത്. സിനിമാ നിര്‍മാതാവെന്നാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്. ആകര്‍ഷകമായ റീല്‍സ് ചെയ്ത് യുവതികളെ വശത്താക്കുകയാണ് ചെയ്യുന്നത്. പരിചയപ്പെടുന്ന യുവതികളെ പീഡിപ്പിച്ചശേഷം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നത്.
കൃഷ്ണരാജിന്റെ കെണിയില്‍പ്പെട്ട യുവതി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ണൂര്‍ സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലാകുന്നത്. പ്രതി കണ്ണൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.മഞ്ജുലാലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സജിത്, ജിഷ്ണു, ബിജുഹക്ക്, സുനില്‍കുമാര്‍, എസ്സിപിഒമാരായ ശരത് കുമാര്‍, സീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here