വീണയുടെ എക്‌സാലോജിക് അല്ല വിദേശത്തുള്ളതെന്ന് ഐസക്ക്; കുത്തും കോമയും നോക്കിയുള്ള കുരട്ടു ബുദ്ധി വേണ്ടെന്ന് ഷോണ്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയല്ല വിദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക്. വീണയുടെ കമ്പനി എക്‌സാലോജിക് സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാല്‍ ദുബായ് കമ്പനിയുടെ പേര് എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ് എന്നാണെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഐസക്കിന്റെ ഈ അവകാശവാദം ഷോണ്‍ ജോര്‍ജ് തള്ളി. താന്‍ പരാതി ഉന്നയിച്ചത് വീണയുടെ കമ്പനിയെ കുറിച്ച് തന്നെയാണെന്നും കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി വേണ്ടന്നും ഷോണ്‍ ഫെയ്‌സബുക്കില്‍ മറുപടി നല്‍കി.
മുഖ്യമന്ത്രിയുടെ മകള്‍ക്കും ബന്ധമുള്ളയാള്‍ക്കും അബുദാബിയിലെ കൊമേഴ്‌സ്യല്‍ ബാങ്കില്‍ അക്കൗണ്ടുണ്ടെന്നും അതിലൂടെ കോടികളുടെ ഇടപാട് നടക്കുകയാണെന്നും കഴിഞ്ഞ ദിവസമാണ് ഷോണ്‍ ജോര്‍ജ് ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി ഷോണിന്റെ ആവശ്യം തള്ളി. ഇതിനിടയിലാണ് തോമസ് ഐസക്ക് ന്യായീകരണവുമായി രംഗത്തെത്തിയത്. രണ്ട് കമ്പനിയാണെന്നത് എളുപ്പത്തില്‍ ലഭിക്കാവുന്ന വിവരമാണ്. എന്നാല്‍ ഇതിന് ആരും ശ്രമിച്ചില്ല. ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്‌സാലോജികോ സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നുമാണ്. ഇതിന്റെ മലയാളികളായ ഉടമസ്ഥര്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും ഐസക്ക് കുറിച്ചു.
എന്നാല്‍ തന്റെ ആരോപണം വീണയുടെ കമ്പനിയെക്കുറിച്ച് തന്നെയാണെന്ന് ഷോണ്‍ മറുപടി നല്‍കി. കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചു വിടാനുള്ള കുരുട്ടു ബുദ്ധി കൊള്ളാം. പ വേറെ പാപ്പച്ചന്‍ വേറെ സഖാവേ എന്നും ഷോണ്‍ പരിഹസിച്ചു. അബുദാബി കൊമേര്‍ഷ്യല്‍ ബാങ്കില്‍ വീണ ടി, സുനീഷ് എം എന്നിവര്‍ സിഗ്‌നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്‌സലോജിക് കമ്പനിക്ക് ഇല്ല എന്ന് പറയാന്‍ തന്റേടമുണ്ടോയെന്നും ഷോണ്‍ വെല്ലുവിളിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here