മോദി വിമർശകർക്കെതിരെ വ്യാപക പ്രചരണം; പിന്നിൽ ‘RAW’യെന്ന് വാഷിംഗ്‌ടൺ പോസ്റ്റ്

ഡൽഹി: മോദി വിമർശകരെ അപകീർത്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അമേരിക്കയിൽ സജീവമെന്ന് റിപ്പോർട്ട്. അമേരിക്കയിലുള്ള മോദി വിമർശകർക്കെതിരെ ഡിസ്ഇൻഫോ ലാബ് എന്ന സ്ഥാപനം സമൂഹ മാധ്യമങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അമേരിക്കൻ മാധ്യമമായ വാഷിംഗ്‌ടൺ പോസ്റ്റ്.

അമേരിക്കയിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ഗവേഷകർ, ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് ഡിസ്ഇൻഫോ ലാബ് പ്രചരണം നടത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഗൂഢാലോചനയിൽ പങ്കാളികളാണ് മോദി വിമർശകർ എന്നും ഇവരുടെ റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. ഡിസ്ഇൻഫോയുടെ റിപ്പോർട്ടുകള്‍ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയെ പിന്തുണക്കുന്നവർ തന്നെയാണ് റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നതെന്ന് ഡിസംബർ 10ന് പ്രസിദ്ധീകരിച്ച വാഷിംഗ്‌ടൺ പോസ്റ്റിന്റെ ലേഖനത്തിൽ പറയുന്നു.

വിദേശ രാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്തുന്ന ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റിസർച്ച് ആൻഡ് അനാലിസിസ് വിങ്, ‘റോ’യിലെ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ ദിബ്യ സത്പതിയാണ് ഡിസ്ഇൻഫോ ലാബിന്റെ സ്ഥാപകനെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള മോദി വിമർശകരെയാണ് സ്ഥാപനം ലക്‌ഷ്യംവക്കുന്നത്. ബിജെപി നേതാക്കൾക്കും അനുഭാവികൾക്കും പുറമെ വലതുപക്ഷ അനുയായികൾ, ഹിന്ദുത്വവാദികൾ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ചാരസംഘടന, മുസ്ലിം ബ്രദർഹുഡ് , ജോർജ് സൊറോസ് എന്ന കോടീശ്വരൻ തുടങ്ങിയവരിൽ നിന്ന് മോദി വിമർശകർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഡിസ്ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രചരണം അമേരിക്കൻ പൗരന്മാരിൽ ഉൾപ്പെടെ തെറ്റുധാരണയ്ക്ക് കാരണമായിട്ടുണ്ടെന്ന് വാഷിംഗ്‌ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. എന്നാൽ ബിജെപി സർക്കാരുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും ഡിസ്ഇൻഫോ പറഞ്ഞതായും വാഷിംഗ്‌ടൺ പോസ്റ്റ്‌ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top