കണക്കില്ലാതെ പണമെറിയുന്ന അജ്ഞാതസംഘം; യുവാക്കളെ വലവീശി ഇന്‍സ്റ്റഗ്രാമിലെ ‘ക്യാഷ് ഹണ്ട്’
തിരുവനന്തപുരം: കുറച്ച് പൈസ ആരെങ്കിലും വെറുതെ തന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തര്‍ ചുരുക്കമായിരിക്കും. ഒന്നോ രണ്ടോ രൂപയല്ല അമ്പതു മുതല്‍ അഞ്ഞൂറ് രൂപ വരെ നാട്ടുകാർക്ക് വെറുതെ കൊടുക്കുന്ന ഒരു അജ്ഞാതസംഘമാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാമിൽ ‘ക്യാഷ് ഹണ്ട്’ (CASH HUNT) എന്ന പേരിൽ തുടങ്ങിയിട്ടുള്ള പേജുകളാണ് ഈ പണം വിതരണത്തിൻ്റെ ഉറവിടം. പൊതുസ്ഥലങ്ങളിൽ അജ്ഞാതസംഘം ഒളിപ്പിച്ചുവയ്ക്കുന്ന കറൻസി നോട്ട്, ഇന്‍സ്റ്റയിൽ പോസ്റ്റുചെയ്യുന്ന വീഡിയോകളിലെ സൂചനകളിലൂടെ കണ്ടെത്തണം. കണ്ടെത്തുന്നയാൾക്ക് ഈ പണം സ്വന്തമാക്കാം. ഇത് കണ്ടെത്തുക എന്നതാണ് ചലഞ്ചായി ‘ക്യാഷ് ഹണ്ട്’ സംഘം ഓരോ ദിവസവും അവതരിപ്പിക്കുന്നത്.
‘ക്യാഷ് ഹണ്ട്’ പേജുകൾക്ക് പിന്നിലാരാണെന്ന് ഇതുവരെ ആർക്കും അറിയില്ല. ദിവസവും ഓരോ വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. മുഖം കാണിക്കാത്ത ഒരാൾ പണം ഒളിപ്പിക്കുന്നതാണ് ഉള്ളടക്കം. കറൻസി നോട്ട് പിടിച്ചിരിക്കുന്ന കൈ മാത്രമാണ് വീഡിയോയിൽ കാണാനാകുക. കല്ലിനടിയില്‍, വഴിയില്‍ കിടക്കുന്ന തീപ്പെട്ടിക്കൂടില്‍, മതിലിന്‍റെ വിടവില്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ നോട്ട് ഒളിപ്പിക്കുന്നു. സ്ഥലത്തിൻ്റെ അത്യാവശ്യം സൂചനകൾ മാത്രം നൽകും. അടുത്തത് ഇന്‍സ്റ്റയിൽ വീഡിയോ കാണുന്നവരുടെ ഊഴമാണ്. പണം കണ്ടെടുക്കാനായുള്ള നെട്ടോട്ടമാണ് പിന്നെ. കിട്ടുന്നവർ ഇതേ പേജിലെത്തി ക്യാഷ്ഡ് (CASHED) എന്ന് കമൻ്റ് ഇടുന്നതോടെ ഈ ചലഞ്ച് അവിടെ തീരുന്നു. അടുത്തത് വീണ്ടും അടുത്ത ദിവസം.
തിരുവനന്തപുരം, കൊച്ചി പോലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമല്ല, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലും ഈ സംഘം ഇറങ്ങിയിട്ടുള്ളതായി വീഡിയോകളിൽ സൂചനയുണ്ട്. കൊല്ലം ജില്ലയിൽ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ്റെ പരിസരത്ത് പോലും പണം ഒളിപ്പിക്കുന്ന വീഡിയോ കൊല്ലം ക്യാഷ് ഹണ്ട് പേജിൽ അടുത്ത ദിവസങ്ങളിൽ പോസ്റ്റുചെയ്തിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ക്യാഷ് ഹണ്ട് പരിപാടി നടക്കുന്നതായി സൂചിപ്പിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ കാണാം. കേരളത്തിന് പുറത്തുനിന്നുള്ള സംഘമാണെങ്കിൽ അവരിപ്പോൾ കേരളത്തിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ.
കണ്ണിന്‍റെ ചിഹ്നം ചേർത്തുള്ള ചിത്രമാണ് പ്രൊഫൈലിൽ ഉപയോഗിക്കുന്നത്. ഓരോ സ്ഥലത്തിനും പ്രത്യേകം പേജുകളാണ്. ഓരോ പേജിലും ആയിരങ്ങൾ വീതം അംഗങ്ങളായി ചേരുന്നുണ്ട്. മുപ്പതിനായിരം പേരാണ് കോഴിക്കോട്ട് ക്യാഷ് ഹണ്ട് അക്കൗണ്ടിനെ ഫോളോ ചെയ്യുന്നത്. ഇവരിൽ അധികവും യുവാക്കളാണ്. ആരാണ് ഇതിന് പിന്നിലെന്നോ എന്താണ് ഉദ്ദേശമെന്നോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരു അജ്ഞാതന്‍ അപരിചിതര്‍ക്ക് വെറുതെ പണം നല്‍കുന്നു… കേള്‍ക്കാന്‍ കൗതുകം ഉണ്ടെങ്കിലും പിന്നിലുള്ള ഉദ്ദേശം വെളിപ്പെടാത്തതിനാല്‍ അല്പം ഭീതിയും നിഗൂഡതയും ഇതിന് പിന്നിലുണ്ട്. വെറും ഗെയിമാണോ അതോ പേജിലേക്ക് ആളെ കൂട്ടാനുള്ള തന്ത്രമാണോ എന്നൊന്നും വ്യക്തമല്ല.
ഒരു സേവനവും ചെയ്യാത്ത വെറുതെക്കാർക്ക് കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതിൻ്റെ നിയമവശവും ചർച്ചയായിട്ടില്ല. ചാരിറ്റിയല്ല ഉദ്ദേശ്യമെന്ന് വ്യക്തം. ചെറിയ തുകയാണെങ്കിലും ചിലവഴിക്കുന്ന പണത്തിൻ്റെ ഉറവിടം വ്യക്തമാകേണ്ടത് പരമപ്രധാനമാണ്. അതും ഇവിടെ ഉണ്ടാകുന്നില്ല. എത്ര തുക ഇതുവരെ ചിലവഴിച്ചുവെന്നോ, ഒറിജിനൽ നോട്ടുകളാണോ എന്നൊന്നും വ്യക്തതയില്ല.