ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരിയ സര്‍ക്കാര്‍ ജീവനക്കാര്‍ കുടുങ്ങും; വകുപ്പുതല അച്ചടക്ക നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരയവര്‍ നടത്തിയ തട്ടിപ്പ് വ്യക്തമായ സാഹചരര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് തീരുമാനം.
തട്ടിപ്പുകാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയെടുക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
മരണപ്പെട്ടവരുടെ പേരില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് അവസാനിപ്പക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസര്‍മാര്‍ വരെ ഇത്തരത്തില്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഹയര്‍ സെക്കണ്ടറി അധ്യാപകരും പട്ടികയിലുണ്ട്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന രണ്ട് അസിസ്റ്റന്റ് കോളേജ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി എടുക്കുന്നത്. മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലും. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here